< Back
Kerala
ഷാരോൺ രാജ് കൊലക്കേസ്; ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കാൻ നിർദേശം
Kerala

ഷാരോൺ രാജ് കൊലക്കേസ്; ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കാൻ നിർദേശം

Web Desk
|
4 Nov 2022 1:21 PM IST

അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ രണ്ടും മൂന്നൂം പ്രതികളായ സിന്ധു, നിർമൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.

കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായ ഇരുവരേയും നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പുൾപ്പെടെ പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദേശം നൽകി. മുഖ്യ പ്രതി ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കാനും കോടതി ആവശ്യപ്പട്ടു.

കേസിലെ മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൊലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതോടെ പ്രതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

അതേസമയം, കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം. തമിഴ്‌നാട്‌ പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു.കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്‌നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

Similar Posts