
'മഴ... മഴാ..കുട...കുടാ...മഴ വന്നാൽ പോപ്പി കുട...' ഈ പാട്ട് ഉണ്ടാക്കിയത് ഞാനാണെന്ന് ആർക്കുമറിയില്ല : ശരത്
|'നിലവിളി പാട്ടുണ്ടാക്കാൻ ഇഷ്ടമാണ്. പക്ഷെ അതിനുള്ള അവസരം കിട്ടുന്നില്ല'
തിരുവനന്തപുരം: സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ മലയാള സിനിമക്ക് പ്രിയങ്കരനാണ് ശരത്. ഏറെ മനോഹരമായ ഒരു പിടി മെലഡി ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ എല്ലാത്തരം പാട്ടുകളും ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.
അലമ്പ് പാട്ടുകളുണ്ടാക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ആരും അതിന് വിളിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. മഴ മഴ കുട കുട എന്ന പരസ്യം ചെയ്തത് ഞാനാണെന്ന് അധികമാർക്കും അറിയില്ല. നിലവിളി പാട്ടുണ്ടാക്കാൻ ഇഷ്ടമാണ്. പക്ഷെ അതിനുള്ള അവസരം കിട്ടുന്നില്ലെന്നും മാതൃഭൂമി സംഘടിപ്പിച്ച 'ക' ഫെസ്റ്റിവലിൽ അദ്ദേഹം പറഞ്ഞു.
"മുഴുവൻ സമയവും തമ്പുരുവും കൊണ്ടാണല്ലോ. അതുകൊണ്ട് ഒരു നാരദനെ പോലെയാണ് സംവിധായകരും നിർമ്മാതാക്കളും എന്നെ എപ്പോഴും കാണുന്നത്. നാരായണ..നാരായണ പോലുള്ള ഗാനങ്ങളാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ന് അങ്ങനെയുള്ള സിനിമകൾ ഇല്ല. അതുകൊണ്ടാവും പാട്ട് ചെയ്യാൻ ആരും ഇപ്പോൾ വിളിക്കാത്തത്," അദ്ദേഹം പറഞ്ഞു. തംബുരു മൂടിവെച്ചിട് ഒരുപാട് കാലമായെന്നും തമാശ രൂപേണ അദ്ദേഹം വേദിയിൽ പറഞ്ഞു.