
കേരളത്തിന്റെ കാര്യത്തില്‍ വിഷമമുണ്ട്, അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്നു: ശശി തരൂര്‍
|കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തിന്റെ കാര്യത്തില്‍ വല്ലാത്ത വിഷമമുണ്ട്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
''വളരെ വിഷമമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന കുളങ്ങളില്‍ നീന്തിയതിലൂടെ ധാരാളമാളുകള്‍ക്ക് വൈറസ് പിടിപെട്ടിരിക്കുന്നു. മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നത് വരെ കുളങ്ങളിലിറങ്ങരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അത് ഗൗരവമായി മുഖവിലക്കെടുക്കണം.'' തരൂര്‍ പറഞ്ഞു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 19 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കേണ്ടതുണ്ട് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 9 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
അതേസമയം, കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം.
അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.