
മീഡിയവണ്‍ മാനേജിങ് എഡിറ്ററുടെ കൈ വെട്ടുമെന്ന സിപിഎം ഭീഷണി: ഹിറ്റ്‌ലറുടെ നടപടികള്‍ക്ക് സമാനം: ഷിബു ബേബി ജോണ്‍
|മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലും ചെയ്യുന്നത്
കൊല്ലം: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ സിപിഎമ്മിന്റെ ഭീഷണു മുദ്രാവാക്യം ഹിറ്റ്‌ലറുടെ നടപടികള്‍ക്ക് സമാനമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മാധ്യമപ്രവര്‍ത്തകരുടെ കൈവെട്ടും കാലുവെട്ടും എന്നൊക്കെ പറയുന്നത് ഭീരുത്വമാണ്. നരേന്ദ്രമോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലും നടക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
''ജനാധിപത്യക്രമത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് ഉളുപ്പ് വേണം. മാധ്യമപ്രവര്‍ത്തകരുടെ കൈവെട്ടും കാലുവെട്ടും എന്നു പറയുന്നത് ഭീരുത്വം ആണ്. ജനാധിപത്യ വ്യവസ്ഥയെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത് നരേന്ദ്രമോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലും ചെയ്യുന്നത്. എല്ലാ ഏകാധിപതികളുടെയും രീതിയിലാണ്. അവരുടെയൊക്കെ പതനവും ലോകം കണ്ടു
പിണറായിസവും മോദിസവും സമാനമായി പോകുന്നതാണ്. മാനേജിങ് എഡിറ്റര്‍ തെറ്റായ പ്രചാരണം നടത്തിയെങ്കില്‍ നിയമപരമായി നേരിടണം ആയിരുന്നു. മീഡിയവണ്ണിനെ മോദി നിരോധിച്ചു. ഒരു പടി കൂടി കടന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്,'' ഷിബു ബേബി ജോണ്‍ പറഞ്ഞു.