
ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കും; നടനും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു
|ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അച്ഛന്റെ സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായാണ് ചികിത്സയിലിരിക്കെ കുടുംബം തൃശൂരിലേക്ക് തിരിച്ചത്
തൃശൂര്‍: തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ ചാക്കോയുടെ മൃതദേഹവും നാട്ടിലെത്തിക്കും. ധര്‍മപുരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് കുടുംബം തൃശൂരിലേക്ക് പുറപ്പെട്ടത്. ഷൈന്‍ ടോം ചാക്കോക്ക് കൈയ്ക്കും അദ്ദേഹത്തിന്റെ അമ്മക്ക് ഇടുപ്പിനും കൂടാതെ കൈക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരനും അപകടത്തില്‍ പരിക്കേറ്റിരുന്നു.
ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അച്ഛന്‍ മരിച്ച സാഹചര്യത്തില്‍ തിരിച്ചു നാട്ടില്‍ എത്തേണ്ടതുണ്ടെന്നും സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തേണ്ടതിനാല്‍ രണ്ടു സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്നാണ് മൃതദേഹവുമായി നാട്ടിലേക്ക് വരാനും ചികിത്സ തൃശൂരിലേക്ക് മാറ്റാനും തീരുമാനമെടുത്തത്. ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹവുമായുള്ള ആംബുലന്‍സും നാട്ടിലേക്ക് തിരിച്ചു. ഏകദേശം രാത്രിയോടെ തന്നെ മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം എപ്പോഴായിരിക്കുമെന്ന് ഇതുവരെയും കുടുംബം വ്യക്തമാക്കിയിട്ടില്ല.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ധര്‍മപുരി ദേശീയപാതയില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷൈന്‍ ടോമിന്റെ അച്ഛന്‍ മരിച്ചത്. അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവര്‍ അനീഷ് മൊഴിനല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു.