
മന്ത്രി ഗണേഷ്‌കുമാർ ഉദ്ഘാടനം ഉപേക്ഷിച്ച സംഭവം: വീഴ്ച വരുത്തിയ എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
|അസി. ട്രാൻസ്പോർട്ട് കമ്മീഷണർ വി.ജോയിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്
തിരുവനന്തപുരം: മോട്ടാർ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ആരും എത്താത്തതിനെ തുടർന്ന് ഗതാഗത മന്ത്രി ഉദ്ഘാടനം ഉപേക്ഷിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. സംഘാടനത്തിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അസി. ട്രാൻസ്പോർട്ട് കമ്മീഷണർ വി.ജോയിയോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ.
ഇന്നലെ വൈകുന്നേരം കനകക്കുന്നിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോൾ പരിപാടി വീക്ഷിക്കാനായി എത്തിയത് കേരള കോൺഗ്രസ് ബി പാർട്ടി പ്രവർത്തകരും കുറച്ചു ഉദ്യോഗസ്ഥരും മാത്രമായിരുന്നു. ഇതോടെയാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചത്. 52 എംവിഡി വാഹനങ്ങളുടെ ഉദ്ഘാടനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചത്. ഉദ്ഘാടനത്തിനായി വാഹനങ്ങൾ ക്രമീകരിച്ചതിലും മന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു.