< Back
Kerala
വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന മന്ത്രിയുടെ നിര്‍ദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ്
Kerala

വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന മന്ത്രിയുടെ നിര്‍ദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ്

Web Desk
|
16 Aug 2025 1:17 PM IST

സര്‍വകലാശാല വിസി ശിവപ്രസാദ് ആണ് ഡീന്‍ വിനു തോമസിന് നോട്ടീസ് അയച്ചത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം കൈമാറിയതിന് സാങ്കേതിക സര്‍വകലാശാല ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ്. വി സി ശിവപ്രസാദ് ആണ് ഡീന്‍ വിനു തോമസിന് നോട്ടീസ് അയച്ചത്.

ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനാചരണം നടത്തരുത് എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. നിര്‍ദേശം നല്‍കേണ്ടത് രജിസ്ട്രാര്‍ എന്നാണ് വിസിയുടെ വാദം.

വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സംര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കാനാണ് ഗവര്‍ണര്‍ വിഭജന ഭീതി ദിനം ആചരിക്കാന് നിര്‍ദേശം നല്‍കിയത് എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരുള്ളത്.

ഇതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും ഈ ദിനം ആചരിക്കരുത് എന്ന നിര്‍ദേശം നല്‍കിയത്. എന്നാല്‍ കെടിയു സര്‍വകലാശാലയില്‍ ഈ നിര്‍ദേശം എത്തിയപ്പോള്‍ തന്നെ സര്‍വകലാശാലയിലെ ഡീന്‍ ഈ ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍വകലാശാലക്കും കീഴിലുള്ള കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനെതിരെയാണ് വിസി കെ.ശിവപ്രസാദ് സര്‍വകലാശാല ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈമാറേണ്ടത് രജിസ്ട്രാര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

അതിനാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് വിസി നിര്‍ദേശം. ഇത് പ്രതികാര നടപടിയാണ് എന്നാണ് സിപിഎമ്മുമായി അടുത്ത് നില്‍ക്കുന്ന സര്‍വകലാശാലയുമായി ബന്ധപ്പെട്ട ആളുകള്‍ വ്യക്തമാക്കുന്നത്.

Similar Posts