< Back
Kerala
മുജാഹിദ് പ്രസ്ഥാനത്തെ കരുതിയിരിക്കണമെന്ന സമസ്ത പ്രമേയം യാഥാര്‍ഥ്യബോധമില്ലാത്തത്; ഷുക്കൂർ സ്വലാഹി
Kerala

മുജാഹിദ് പ്രസ്ഥാനത്തെ കരുതിയിരിക്കണമെന്ന സമസ്ത പ്രമേയം യാഥാര്‍ഥ്യബോധമില്ലാത്തത്; ഷുക്കൂർ സ്വലാഹി

Web Desk
|
8 Feb 2026 8:08 PM IST

കാലം ഏറെ മുന്നോട്ട് നീങ്ങിയിട്ടും പഴയ രീതികളിലും പരിഹാസ്യമായ ഭാഷയിലുമുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിൽ സമസ്ത പ്രത്യേകത പുലർത്തുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷുക്കൂർ സ്വലാഹി

കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ മുജാഹിദ് പ്രസ്ഥാനത്തെ കരുതിയിരിക്കണം എന്ന പേരിൽ അവതരിപ്പിച്ച പ്രമേയം കാലോചിതമല്ലാത്തതും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

കാലം ഏറെ മുന്നോട്ട് നീങ്ങിയിട്ടും പഴയ രീതികളിലും പരിഹാസ്യമായ ഭാഷയിലുമുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിൽ സമസ്ത പ്രത്യേകത പുലർത്തുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം സമ്മേളനങ്ങൾ നടത്തി ഓരോ വിഭാഗവും മറ്റൊരുവിഭാഗത്തെ പുറത്താക്കണമെന്ന നിലയിൽ മത്സരിച്ച് പ്രമേയങ്ങൾ അവതരിപ്പിക്കുന്ന സംഘടനയിൽ നിന്ന് ഇതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ‘ആദർശ സമ്മേളനങ്ങൾ’ നടത്തി സ്വന്തം പ്രസ്ഥാനത്തിനകത്ത് തന്നെ ഭിന്നത വളർത്തുന്നവർ, മുജാഹിദ് പ്രസ്ഥാനത്തിലെ ആശയപരമായ ഭിന്നതകളെക്കുറിച്ച് വേവലാതിപ്പെടുന്നത് കൗതുകകരമാണെന്ന് ഷുക്കൂർ സ്വലാഹി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളായി സമസ്ത പാസാക്കിയ പ്രമേയങ്ങളുടെ ചരിത്രവും അവയുടെ ഇന്നത്തെ പ്രസക്തിയും അവരുതന്നെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് പ്രമേയങ്ങൾ പാസാക്കുന്നതിന് മുമ്പ് സ്വന്തം ചരിത്രത്തോടും ഇന്നത്തെ യാഥാർത്ഥ്യങ്ങളോടും സമസ്ത സത്യസന്ധമായി സംവദിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഖുർആനും തിരുസുന്നത്തും പഠിപ്പിച്ചുതന്ന യഥാർഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്‌ലിം സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദർശ വൈരുധ്യങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നായിരുന്നു സമസ്ത സമ്മേളനത്തിലെ പ്രമേയം.

Similar Posts