< Back
Kerala
Siddique
Kerala

സിദ്ദീഖ് സുപ്രിംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Web Desk
|
25 Sept 2024 7:45 PM IST

ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ഓഫീസ് വഴിയാണ് ഹരജി സമർപ്പിച്ചത്. 150 ഓളം പേജാണ് ഹരജിയുള്ളത്. ഹൈക്കോടതി വിധിയിൽ ചിലപിഴവുകളുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പീഡന ആരോപണം ഉണ്ടായി എട്ട് വർഷത്തിന് ശേഷം പരാതി നൽകിയെന്നതും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം ജാമ്യം തള്ളിയതോടെ സിദ്ദിഖിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പ്രത്യേക അന്വേഷണസംഘം. ഒളിവിൽ പോയ സിദ്ദിഖിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഇന്നലെ വിധി വന്നശേഷം ഓഫ് ആയിരുന്ന സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഇന്ന് ഒരുതവണ ഓണായെങ്കിലും പിന്നീട് വീണ്ടും സ്വിച്ച്ഓഫ് ആയി. പ്രത്യേക അന്വേഷണസംഘത്തിന് പുറമേ കൊച്ചി സിറ്റി പോലീസും എറണാകുളം റൂറൽ പോലീസും സ്പെഷ്യൽ ബ്രാഞ്ചും സിദ്ദിഖിനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതായാണ് വിവരം.

സിദ്ദിഖിനെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസവാദ ഹരജി നൽകിയിട്ടുണ്ട്. സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടായിരുന്നു ഇത്. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഇരുകൂട്ടരും സമർപ്പിച്ച ഹരജിയിലെ ആവശ്യം.


Similar Posts