< Back
Kerala
Kozhikode murder

ഷിബിലിയും ഫര്‍ഹാനയും

Kerala

സിദ്ദിഖിന്‍റെ കൊലപാതകം; അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും

Web Desk
|
30 May 2023 7:09 AM IST

കാർ ഉപേക്ഷിച്ച പറമ്പിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്

കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും.മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.കഴിഞ്ഞ ദിവസം തൃശൂർ ചെറുതിരുത്തിയിൽ നടത്തിയ തെളിവ് ശേഖരണത്തിൽ സിദ്ദിഖിന്‍റേതെന്ന് കരുതുന്ന എടിഎം കാർഡ് ,ചെക്ക് ബുക്ക് ,തോർത്ത് എന്നിവ കണ്ടെത്തിയിരുന്നു.കാർ ഉപേക്ഷിച്ച പറമ്പിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.നേരത്തെ ഷിബിലിയും ഫർഹാനയും ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി.ഇനി സിദ്ദിഖിന്‍റെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ കണ്ടെത്താനുണ്ട്.


ഇതോടൊപ്പം സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കൾ വാങ്ങിയ കോഴിക്കോട്ടെ കടകളിലുമാണ് തെളിവ് ശേഖരിക്കാനുള്ളത്.5 ദിവസത്തിനാണ് ഇന്നലെ ഷിബിലിയെയും ഫർഹാനയെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത് . സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ളവ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണക്കടുത്തെ ചീരട്ട മലയിൽ നിന്നാണ് ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്. കേസിലെ പ്രതികളായ ഫർഹാനയെയും, ഷിബിലിയെയും എത്തിച്ചാണ് പൊലീസ് പ്രദേശത്ത് തെളിവ് ശേഖരിച്ചത്. സിദ്ദീഖ് കൊലക്കേസിലെ പ്രതികളിൽ ഒരാളായ ഫർഹാനയാണ് ചീരട്ടമലയിൽ ആയുധങ്ങളുൾപ്പെടെയുള്ള വസ്തുക്കൾ ഉപേക്ഷിച്ചത്.

ഫർഹാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിൽ സിദ്ദീഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും, കണ്ടെടുത്തിരുന്നു. ഇത് കൂടാതെ സിദ്ദീഖിന്‍റേതെന്ന് കരുതുന്ന രണ്ട് എ.ടി.എം കാർഡുകളും, ചെരിപ്പുകളും കൂടി പ്രദേശത്ത് നിന്ന് ലഭിച്ചിരുന്നു.

സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയത്.



Similar Posts