< Back
Kerala
K-Swif,Grama Panchayats, single window system of the Industries Department is a setback for the Panchayats,പഞ്ചായത്തുകൾക്ക് തിരിച്ചടിയായി വ്യവസായ വകുപ്പിന്റെ ഏകജാല സംവിധാനം,കെ-സ്വിഫ്റ്റ്,ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്
Kerala

കോടതിയെ സമീപിച്ചാല്‍ അച്ചടക്ക നടപടി; പഞ്ചായത്തുകൾക്ക് തിരിച്ചടിയായി വ്യവസായ വകുപ്പിന്റെ ഏകജാല സംവിധാനം

Web Desk
|
21 Sept 2023 8:24 AM IST

ഏകജാലക സംവിധാനം വഴി ലഭിക്കുന്ന ലൈസൻസുകൾക്കെതിരെ സെക്രട്ടറിമാർക്ക് കോടതിയെ സമീപിക്കാനാവില്ലെന്നാണ് സർക്കുലർ

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വഴി ലഭിക്കുന്ന ലൈസൻസുകൾക്കെതിരെ സെക്രട്ടറിമാർക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന സർക്കുലർ പഞ്ചായത്തുകൾക്ക് തിരിച്ചടിയാകുന്നു. ഏകജാലക സംവിധാനം വഴി ലൈസൻസ് ലഭിച്ച ക്വാറികൾ അടക്കമുള്ളവ നിയന്ത്രണങ്ങൾ ലംഘിച്ചാലും നടപടി എടുക്കാനാവാതെ നിസ്സഹായരാവുകയാണ് ഭരണ സമിതികൾ. തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലും സംഭവിച്ചത് ഇതാണ്.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച സംവിധാനമാണ് ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്. കേരള സര്‍ക്കാരിന് കീഴിലെ 21 വകുപ്പുകളില്‍ നിന്നുള്ള 85ലേറെ അനുമതികള്‍ ഒരൊറ്റ വെബ് പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്നതാണ് പദ്ധതി.

എല്ലാ രേഖകളോടും കൂടെ സമർപ്പിക്കുന്ന അപേക്ഷക്ക് 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ അപേക്ഷകന് ഡീംഡ് ലൈസൻസ് പോർട്ടൽ വഴി ലഭിക്കും. പോർട്ടൽ തീരുമാനങ്ങൾക്കെതിരെ എല്ലാമാസവും ചേരുന്ന ആഭ്യന്തര കമ്മിറ്റിയിൽ പരാതി പറയുവാനുള്ള അധികാരം അപേക്ഷകന് മാത്രമേ ഉള്ളൂ. പോർട്ടൽ വഴി അനുമതി ലഭിച്ച സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ചാൽ സെക്രട്ടറിമാർ കോടതിയെയാണ് സമീപിച്ചിരുന്നത്. ഇത് തടഞ്ഞുകൊണ്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജൂണ്‍ മാസത്തില്‍ സർക്കുലർ പുറപ്പെടുവിച്ചത്.

സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് തീരുമാനങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്യാൻ പാടില്ലാത്തതാണെന്നും ഈ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടികൾ അടക്കമുള്ള ശിക്ഷനടപടികൾ സ്വീകരിക്കുമെന്നാണ് സർക്കുലർ. ഇതോടെ അനുമതി ലഭിച്ച ശേഷം നിയന്ത്രണങ്ങൾ ലംഘിക്കുന്ന സംരംഭങ്ങൾക്കെതിരെ പഞ്ചായത്തുകൾക്ക് നടപടി എടുക്കുവാനാകാതെ പോകുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന മാണിക്കൽ പഞ്ചായത്തിലെ ക്വാറിക്കെതിരെ ഭരണ സമിതിക്കു നടപടി എടുക്കാനാവാത്തത് ഇതുകൊണ്ടാണ്.

ക്വാറികൾക്ക് എളുപ്പവഴിയിൽ അനുമതിലഭിക്കാൻ ഇടയാകുന്നു എന്ന വിമർശനം മുന്‍പ് തന്നെ കെ സ്വിഫ്റ്റിനെതിരെ ഉയർന്നിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് സർക്കുലർ.


Similar Posts