< Back
Kerala
കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
Kerala

കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം

Web Desk
|
16 Sept 2025 11:13 AM IST

ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സ്ഥലത്തെത്തി

പാലക്കാട്: കേരളത്തില്‍ SIR (വോട്ടര്‍പട്ടിക തീവ്രപരിശോധന) നടപടി ക്രമങ്ങള്‍ക്ക് തുടക്കം. പാലക്കാട് അട്ടപ്പാടിയിലാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു .ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തി.

2002 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരുന്നതിന് മുമ്പാണ് പരിശോധനകള്‍ ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ രണ്ട് ആദിവാസി ഊരുകളാണ് ഇതിനായി ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. എസ് ഐ ആറിന്റെ തുടക്കം എന്ന നിലയിലാണ് അട്ടപ്പാടി തെരഞ്ഞെടുത്തിരിക്കുന്നത്.

ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസം ഉണ്ടോയെന്ന് അറിയാനും അത് പരിശോധിക്കാനുമാണ് ആദ്യ നടപടി. എസ് ഐ ആര്‍ ന്റെ ഭാഗമായാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ആദിവാസി ഉന്നതകളില്‍ CEO നേരിട്ട് എത്തി തീവ്ര പരിശോധന തുടങ്ങി വെക്കുകയാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ മീഡിയവണ്ണിനോട് പറഞ്ഞു.

എല്ലാ വീടുകളിലും ബിഎല്‍ഒമാര്‍ എത്തും. 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടും.അനര്‍ഹരായവര്‍ മാത്രമാണ് പുറന്തള്ളപെടുകയെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പറഞ്ഞു.

'അട്ടപ്പാടി ഐഎച്ച്ആര്‍ഡി കോളജിലെ എല്ലാ 18 വയസായ കുട്ടികളെയും ഇലക്ട്രല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയാണ് ചെയ്യുന്നത്. 100 ശതമാനം ഇലക്ട്രല്‍ റോളില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കോളജ് ആക്കി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ അര്‍ഹരായവരെയും ലിസ്റ്റില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. 12 ഡോക്യുമെന്റ്‌സില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കുന്നതിന് ആളുകള്‍ക്ക് പ്രയാമുണ്ടോയെന്നും നേരിട്ട് പരിശോധിക്കും. ഇതിനെല്ലാം വേണ്ടിയാണ് ഇന്നത്തെ സന്ദര്‍ശനം.

ആളുകളുടെ കയ്യില്‍ എല്ലാ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്നാണ് ഡിപ്പാര്‍ട്‌മെന്റുകളുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലായത്. അത് നേരിട്ട് മനസിലാക്കാനാണ് പോകുന്നത്. അട്ടപ്പാടി തുടക്കം മാത്രമാണ്. 2002ല്‍ ലിസ്റ്റിലുള്ള ആളുകളുടെ പേര് 2025ലും ലിസ്റ്റില്‍ ഉണ്ടോയെന്നുള്ളതാണ് പരിശോധിക്കുന്നത്. എസ് ഐ ആറിലൂടെ ഉദ്ദേശിക്കുന്നത് ബിഎല്‍ഒമാര്‍ വീട്ടില്‍ ചെന്ന് നേരിട്ട് ആളുകളെ കണ്ട് ബോധ്യപ്പെടുക എന്നതാണ്.

എസ് ഐ ആര്‍ വന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു പരാതി വരാനോ കള്ളവോട്ട് ഉണ്ടാവാനോ ഉള്ള സാധ്യത അവസാനിക്കും. എസ് ഐ ആര്‍ നടപ്പിലായാല്‍ ഒരാള്‍ക്ക് രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടോയെന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കും,' ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.

Similar Posts