
Photo| Special Arrangement
എസ്ഐആര്‍: 'പൗരത്വ നിഷേധം അനുവദിക്കില്ല, സംസ്ഥാനത്ത് ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും'; എസ്ഡിപിഐ
|'പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം'
മലപ്പുറം: പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നും പൗരത്വ നിഷേധം അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പൗരത്വ നിഷേധത്തിനുള്ള ഫാഷിസ്റ്റ് ഒളിയജണ്ടയ്ക്കെതിരേ 'എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല' എന്ന പ്രമേയത്തില്‍ ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക- വിദ്യാഭ്യാസ പുരോഗതി പരിഗണിച്ചാല്‍ നിര്‍ദേശിക്കപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന 50 ലക്ഷത്തോളം പേര്‍ പുറത്താകുമെന്ന പ്രചാരണമാണ് സംഘ്പരിവാ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത് ആശങ്കാജനകമാണ്. മനപൂര്‍വം ചിലരെ വെട്ടിമാറ്റാന്‍ ചില അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള സാമൂഹിക സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടാല്‍ അതിനെ നിയമപരമായും രാഷ്ട്രീയമായും ജനാധിപത്യപരമായും പ്രതിരോധിക്കുമെന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ എസ്ഐആര്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗം പൗരന്മാരുടെയും വോട്ടവകാശം റദ്ദാക്കിയിരിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ ഒറ്റ രാത്രി കൊണ്ട് ആയുസ് മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ നോട്ടുകള്‍ കേവലം കടലാസുകളാക്കി മാറ്റിയതുപോലെ പൗരന്മാരുടെ വോട്ടവകാശവും അതിലൂടെ ജനാധിപത്യ രാജ്യത്തെ പൗരാവകാശവും റദ്ദാക്കിയിരിക്കുന്നു. ഇനി തങ്ങള്‍ വോട്ടവകാശമുള്ള പൗരന്മാരാണ് എന്നു തെളിയിക്കേണ്ട ബാധ്യത പൗരന്മാര്‍ക്ക് വന്നിരിക്കുന്നു. ഇത് അപകടകരമായ നീക്കമാണ്. 2002 നുശേഷം അതായത് കഴിഞ്ഞ 23 വര്‍ഷം വോട്ട് ചെയ്തവര്‍ ഇനി വോട്ടവകാശമുള്ളവരാണോ എന്നു തെളിയിക്കണമെന്ന എന്ന അവസ്ഥ അതിഭീകരമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ജനങ്ങള്‍ എവിടെയൊക്കെ മാറി താമസിച്ചു. ഒരു കുടുംബത്തിലുള്ളവര്‍ തന്നെ വിവിധ ദേശങ്ങളിലേക്ക് കുടിയേറി. കുടുംബനാഥന്മാരുള്‍പ്പെടെ പലരും മരണപ്പെട്ടു. ഉപജീവനമാര്‍ഗം തേടി പ്രവാസ ജീവിതം നയിച്ച പലര്‍ക്കും 2002 ല്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടാനായിട്ടില്ല. ഇവരെല്ലാം അടുത്ത ഒരു മാസം എല്ലാം ഉപേക്ഷിച്ച് വോട്ടവകാശത്തിനായി രേഖകള്‍ ഉണ്ടാക്കണമെന്നത് എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്നും സിപിഎ ലത്തീഫ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 2002 ലെ കണക്കനുസരിച്ച് 50 ലക്ഷത്തിലധികം ആളുകള്‍ പട്ടികയ്ക്കു പുറത്തു പോകുമെന്ന പ്രചാരണം ഭയാനകരമായ അവസ്ഥയാണ്. പരിഷ്‌കരണം നടപ്പിലാക്കിയ ബിഹാറില്‍ 69 ലക്ഷം വോട്ടര്‍മാരാണ് വെട്ടിമാറ്റപ്പെട്ടത് ഈ പ്രചാരണം ബലപ്പെടുത്തുന്നതാണ്. മുസ് ലിംകളും, ദലിത്-ആദിവാസി വിഭാഗങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് ഏറെയും. ഇത് ഒരു ചൂണ്ടുപലകയായി നാം തിരിച്ചറിയണം. പൗരത്വ നിഷേധത്തിനുള്ള സംഘപരിവാര സര്‍ക്കാരിന്റെ ആര്‍എസ്എസ് അജണ്ടയെ കരുതിയിരിക്കാനും ജനാധിപത്യപരമായി ചെറുത്തുതോല്‍പ്പിക്കാനും പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.