< Back
Kerala
SIR കേരളത്തിൽ; ആശങ്കകളേറെ, വേണം എല്ലാത്തിനും ഉത്തരം!
Kerala

SIR കേരളത്തിൽ; ആശങ്കകളേറെ, വേണം എല്ലാത്തിനും ഉത്തരം!

Web Desk
|
16 Sept 2025 11:32 AM IST

എന്താണ് എസ് ഐ ആർ ? എങ്ങനെയാണ് കേരളത്തിലത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? എന്തൊക്കെ ആശങ്കകളാണ് പ്രധാനമായും ഉയരുന്നത്?

ബിഹാറിൽ ഒട്ടേറെ ആശങ്കൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ വോട്ടർ പട്ടിക തീവ്ര പുനപരിശോധന കേരളത്തിലും എത്തിയിരിക്കുകയാണ്. 1950 ലെ ജനപ്രാധിനിത്യ നിയമം അനുസരിച്ച്, സംസ്ഥാനവ്യാപകമായി എസ് ഐ ആർ അഥവാ വോട്ടർ പട്ടിക തീവ്ര പുനപരിശോധന ആരംഭിക്കാൻ സംസ്ഥാന ചീഫ് ഇലക്ട്‌റൽ ഓഫീസർമാർക്ക് അറിയിപ്പ് കൊടുത്തതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുന്നത്. 2026 ജനുവരി ഒന്നിന്, അതായത് പുതുവർഷപ്പുലരിയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ വോട്ടർ പട്ടിക തയാറാക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. എന്നാൽ ബിഹാറില്‍ എകദേശം 65 ലക്ഷം പേർക്ക് വോട്ടിംഗവകാശം നഷ്ടമായി എന്ന വസ്തുത മുന്നിൽനിൽക്കേ കടുത്ത ആശങ്കകളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. എന്താണ് എസ് ഐ ആർ ? എങ്ങനെയാണ് കേരളത്തിലത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? എന്തൊക്കെ ആശങ്കകളാണ് പ്രധാനമായും ഉയരുന്നത്?

എന്താണ് എസ് ഐ ആർ എന്നുപറയും മുൻപ്, ഇതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന സംഗതികളെ കൂടി പരിചയപ്പെടുത്താം. അതിലാദ്യത്തേത് ഇലക്ട്‌റൽ റോൾ ആണ്. ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം, ഇന്ത്യൻ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ മേൽനോട്ടവും നിയന്ത്രണവും എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനാകും നിർവഹിക്കുക. അനുച്ഛേദം 326, 18 വയസ്സിൽ കുറയാത്ത എല്ലാ പൗരൻമാർക്കും പൗരനും വോട്ടറായി രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടെന്നും വ്യവസ്ഥ ചെയ്യുന്നു.

1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്‌റൽ റോൾ തയാറാക്കുന്നത്. ഈ പട്ടികയിൽ പേരുള്ളവർക്ക് മാത്രമാകും വോട്ട് ചെയ്യാനുള്ള അവകാശം. തയാറാക്കാനുള്ള ചുമതല പോലെ തന്നെ അതിൽ പരിഷ്കരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമം അനുവാദം നൽകുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീവ്ര വോട്ടർ പട്ടിക പരിശോധന ഉൾപ്പെടെ നടക്കുന്നത്.

രണ്ടുതരത്തിലുള്ള പട്ടിക പരിഷ്കരണമാണുള്ളത്. ഒന്ന് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം അഥവാ എസ് ഐ ആർ, രണ്ടാമത്തേത് എസ് എസ് ആർ അഥവാ പ്രത്യേക സംഗ്രഹ പരിഷ്കരണം. ഇതിൽ എസ് എസ് ആർ ആണ് സാധാരണയായി നടക്കാറുള്ളത്. വർഷത്തിൽ നാലുതവണ വരെ നടക്കാറുള്ള ഒരു പ്രക്രിയ ആണിത്. ഓരോതവണയും ഇലക്ട്‌റൽ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം പട്ടിക പ്രസിദ്ധീകരിക്കുകയും അതിൽ തിരുത്തലുകൾക്കുള്ള അവസരം പൊതുജനങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു എസ് എസ് ആർ.

എസ് ഐ ആർ, വളരെ അപൂർവമായി മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്താറുള്ളു. കേരളത്തിൽ അവസാനമായി ആ പ്രക്രിയ നടന്നത് 2002ലായിരുന്നു. 23 വർഷങ്ങൾക്ക് മുൻപ്. നിലവിലുള്ള ഇലക്ടറൽ റോളിനെ പാടെ പൊളിച്ച് പുതുതായൊരു ഇലക്ട്‌റൽ റോൾ തയാറാക്കുന്നതിന് വേണ്ടിയാണ് ഈ പ്രക്രിയ.

ഇനി അടുത്ത ചോദ്യം. എന്തിനിപ്പോൾ എസ് ഐ ആർ എന്നതാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ രാജ്യം നഗരവത്കരിക്കപ്പെട്ടപ്പോൾ ഒട്ടേറെ കുടിയേറ്റങ്ങളും മറ്റും നടന്നെന്നും അതിനാൽ, എസ് ഐ ആർ ആവശ്യമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പക്ഷെ ബിഹാറിൽ നടന്ന എസ് ഐ ആറിൽ, പൗരന്മാരെ ചേർക്കുന്നതിന് പകരം പുറത്താക്കുന്നതിനാണ് വഴിയൊരുക്കിയത് എന്ന ആക്ഷേപമായിരുന്നു ഉയർന്നത്.

7.9 കോടി പേർ ബിഹാറിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നവെങ്കിൽ എസ് ഐ ആർ കഴിഞ്ഞപ്പോൾ അത് 7.24 കോടി ആയിട്ടാണ് കുറഞ്ഞത്. ബി എൽ ഒമാർക്ക് എല്ലാ വീടുകളിലും എത്താൻ സാധിക്കാത്തതും, വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നത്തിലെ വീഴ്ചയും തിരിച്ചടി ആയെന്നാണ് കാരവൻ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ തെളിവ് സഹിതം കണ്ടെത്തിയത്. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട 11 രേഖകൾ ദളിതരും ആദിവാസികളും ഉൾപ്പെടുന്ന വലിയൊരു ശതമാനം പിന്നാക്ക വിഭാഗങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല എന്നതും വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കാനുള്ള കാരണമാകുകയായിരുന്നു. അതേത്തുടർന്ന്, എതിർപാർട്ടികളുടെ വോട്ടുകളെ വെട്ടിമാറ്റാൻ കേന്ദ്രസർക്കാർ കണ്ടെത്തിയ പദ്ധതിയാണ് എസ് ഐ ആർ എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ എങ്ങനെയാകുയും നടപ്പിലാക്കുക എന്നതുകൂടി വിശദീകരിക്കാം. 2002ലെ എസ് ഐ ആർ പ്രകാരം, സംസ്ഥാനത്ത് 2.24 കോടി വോട്ടർമാരായിരുന്നു ഇലക്ട്‌റൽ റോളിൽ ഉണ്ടായിരുന്നത്. അത് 2025 ജൂലൈ ആയപ്പോഴേക്കും 2.78 കോടി വോട്ടർമാരായി വർധിച്ചിട്ടുണ്ട്. അവർക്കെല്ലാവർക്കും Enumeration Form നൽകുന്നതാണ് ആദ്യഘട്ടം. അവരിൽ 2002ലെ എസ് ഐ ആർ പട്ടികയിൽ പേരുള്ളവർക്ക്, ബൂത്ത് ലെവൽ ഓഫിസർമാർ നൽകുന്ന enumeration ഫോം ഫിൽ ചെയ്ത് നൽകിയാൽ മാത്രം മതി. അടിസ്ഥാന വിവരങ്ങളായ പേര്, വിലാസം, ഫോട്ടോ എന്നിവ മാത്രമാണ് ഈ ഫോമിൽ പൂരിപ്പിക്കാനുള്ളത്. എന്നാൽ 2002 എസ് ഐ ആറിൽ പേരില്ലാത്തവരാണെങ്കിൽ അവരുടെ ജനന വർഷം അനുസരിച്ച്, രേഖകളും സമർപ്പിക്കേണ്ടി വരും. കണക്ക് നോക്കിയാൽ, ഏകദേശം 54 ലക്ഷം പേർക്കാണ് രേഖകൾ ഹാജരാക്കേണ്ടി വരിക.

1987 മുൻപ് ജനിച്ച, 2002 ലെ എസ് ഐ ആർ പട്ടികയിൽ പേരില്ലാത്ത വ്യക്തിയാണെങ്കിൽ 12 രേഖകളിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കേണ്ടി വരും. ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, മെട്രിക്കുലേഷൻ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകൾ അല്ലെങ്കിൽ പെൻഷൻ ഉത്തരവുകൾ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, എൻആർസി രേഖ (ബാധകമെങ്കിൽ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന കുടുംബ രജിസ്റ്റർ, ഭൂമി അല്ലെങ്കിൽ വീട് അനുവദിക്കൽ സർട്ടിഫിക്കറ്റ് ,1987-ന് മുമ്പുള്ള സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനം നൽകിയ തിരിച്ചറിയൽ രേഖ, ഇവയാണ് മറ്റുള്ള 11 രേഖകൾ

1987 ജൂലൈ 1 നും 2004 ഡിസംബർ 2നും ഇടയിൽ ജനിച്ച, പട്ടികയിൽ പേരുൾപ്പെട്ടിട്ടില്ലാത്തവരാണെങ്കിൽ തന്റെ രേഖയ്ക്ക് പുറമെ രക്ഷകർത്താക്കളിൽ ഒരാളുടെ സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. 2004 ഡിസംബർ 2നു ശേഷം ജനിച്ചവർ ഇതേ സർട്ടിഫിക്കറ്റുകളും അതിനു പുറമേ മാതാപിതാക്കൾ രണ്ടുപേരുടെയും സർട്ടിഫിക്കേറ്റ് ഹാജരാക്കിയാൽ പുതിയ വോട്ടർ പട്ടികയിൽ ഇടം നേടാനാകൂ. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, പൊതുജനങ്ങളിൽ ഏതൊരാൾക്കും എതിർപ്പുകൾ സമർപ്പിക്കാനും, പേര് ഉൾപ്പെടുത്താനോ ഒഴിവാക്കാനോ ആവശ്യപ്പെടാനും ഒരു മാസത്തെ സമയമാണ് ലഭിക്കുക.

സംസ്ഥാനത്തെ ചീഫ് ഇലക്ട്‌റൽ ഓഫീസർ രത്തൻ കേൾക്കർ പറയുന്നതനുസരിച്ച്, ബൂത്ത് ലെവൽ ഓഫീസർമാർ വിളിച്ചറിയിച്ച ശേഷമായിരിക്കും ഓരോ വീടുകളിലും എത്തുക. വിദേശരാജ്യങ്ങളിൽ ഉള്ളവരാണെങ്കിൽ അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു നൽകുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഓരോ വീടുകളിലും വിളിച്ചറിയിച്ച ശേഷം എത്തിച്ചേരുകയാണെങ്കിൽ ഒരു ബി എൽ ഒയ്ക്ക് എത്ര വീടുകൾ ഒരുദിവസം കവർ ചെയ്യും? അങ്ങനെയെങ്കിൽ ഈ നടപടി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ആകുമോ എന്നൊക്കെയുള്ള പ്രായോഗിക ചോദ്യങ്ങളും ഉയരുന്നുണ്ട്.

ബിഹാറിൽ സംഭവിച്ച പോലെ, അത്രയധികം ആളുകൾ ഇലക്ട്‌റൽ റോളിൽനിന്ന് പുറത്തുപോകുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകില്ല എന്നാണ് രത്തൻ കേൾക്കർ അവകാശപ്പെടുന്നത്. അർഹതയുള്ള ഒരാൾക്ക് പോലും സമ്മതിദാനാവകാശം നഷ്ടപ്പെടില്ല എന്ന വാക്കും അദ്ദേഹം നൽകുന്നുണ്ട്. എന്നാൽ, ഈ വാക്കുകൾ വിശ്വാസ യോഗ്യമല്ലെന്നാണ് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പറയുന്നത്. വോട്ടർ പട്ടികയിലേക്ക് പൗരന്മാരെ ചേർക്കുക എന്ന ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന് ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിലവിലെ എസ് ഐ ആറിലൂടെ, തന്റെ വോട്ടവകാശം തെളിയിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരന്റെ ചുമതലയാക്കി മാറ്റുന്നു എന്ന വിമർശനവും ബ്രിട്ടാസ് ഉന്നയിക്കുന്നുണ്ട്.

സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഇലക്ട്‌റൽ റോൾ ശുദ്ധീകരിക്കാൻ വേണ്ടി എസ് ഐ ആർ നടപ്പിലാക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിക്കുന്നത്. അപ്പോൾ ഇതുവരെ ഉണ്ടായിരുന്ന പട്ടിക ശരിയായത് ആയിരുന്നില്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കേരളത്തിലെ അരക്കോടി മനുഷ്യർക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സ്വന്തം പൗരത്വം തെളിയിക്കേണ്ടി വരും എന്നതാണ് നിലവിലെ അവസ്ഥ.

Similar Posts