< Back
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്;  ബിജെപി നേതാക്കൾ തൃശൂരിൽ നിന്ന് വോട്ട് മാറ്റിയതിന്‍റെ തെളിവായി എസ്ഐആര്‍ പട്ടിക
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി നേതാക്കൾ തൃശൂരിൽ നിന്ന് വോട്ട് മാറ്റിയതിന്‍റെ തെളിവായി എസ്ഐആര്‍ പട്ടിക

Web Desk
|
22 Dec 2025 7:27 AM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ വോട്ട് നിലനിർത്തിയെങ്കിലും കുടുംബം തൃശൂരിൽ നിന്നും വോട്ട് മാറ്റി

പാലക്കാട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തില്‍ വോട്ടു ചേർത്ത ബിജെപി നേതാക്കളും പ്രവർത്തകരും എസ്ഐആർ വന്നതോടെ തൃശൂരില്‍ നിന്ന് വോട്ടു മാറ്റി. എസ് ഐആറിന്‍റെ പുറത്താക്കല്‍ പട്ടിക വന്നതോടെയാണ് ഇത് വ്യക്തമായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ വോട്ട് നിലനിർത്തിയെങ്കിലും കുടുംബം തൃശൂരിൽ നിന്നും വോട്ട് മാറ്റി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റായ ഉണ്ണികൃഷ്ണനും തൃശൂരിലെ വോട്ട് മാറ്റി.

സുരേഷ് ഗോപിയുടെ മത്സരത്തിന് മുന്നോടിയായി ബിജെപി നേതാക്കളും പ്രവർത്തരും വ്യാപകമായി തൃശൂർ പാർലമെന്‍റ് മണ്ഡലത്തില്‍ വോട്ട് ചേർത്തിരുന്നു. സുരേഷ് ഗോപിയുടെ കുടുംബാഗങ്ങളടക്കം ഇങ്ങനെ വോട്ട് ചേർത്തവരാണ്. എന്നാല്‍ അങ്ങനെ മാറി വന്ന വോട്ടെല്ലാം തിരികെ പോയി എന്നാണ് എസ് ഐ ആറിന്റെ പുറത്താക്കല്‍ പട്ടിക നോക്കുമ്പോള്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക , മക്കളായ ഗോകുൽ എസ് നായർ , ഭാഗ്യ എസ്. നായർ, മാധവ് , ഭവാനി എന്നിവരുടെയും കേശവ് വി. നായർ , കല്യാണി എസ്. നായർ എന്നിവരുടെയും വോട്ടുകൾ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി.

എന്നാല്‍ സുരേഷ് ഗോപിയുടെ വോട്ട് തൃശൂരില്‍ നിലനിർത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും നാട്ടിലും തൃശൂരിലുമായി രണ്ട് വോട്ട് ഉണ്ടായിരുന്നത് വിവാദമായിരുന്നു. രണ്ട് എപിക് നമ്പർ ഉപയോഗിച്ചായിരുന്നു വോട്ട് ചേർക്കല്‍, എസ്ഐആര്‍ വന്നതോടെ സുഭാഷ് ഗോപിയും ഭാരി റാണിയും വോട്ട് തൃശൂരിൽ നിന്നും മാറ്റി.

ബിജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റായ ഉണ്ണികൃഷ്ണന് സ്വന്തം നാടായ തിരൂരിനൊപ്പം തൃശൂരിലും വോട്ട് ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന് രണ്ട് ഐഡി കാർഡുകൾ ഉള്ളതും വിവാദമായിരുന്നു. എസ്ഐആര്‍ വന്നതോടെ തൃശൂരിലെ വോട്ട് ഉണ്ണി കൃഷ്ണൻ മാസ്റ്ററും നാട്ടിലേക്ക് വോട്ടു മാറ്റി. പാലക്കാട് തൃത്താല സ്വദേശിനിയായ ബിജെ പി വനിത നേതാവ് ഉമ മണികണ്ഠനും തൃശൂരിലെ വോട്ട് ഉപേക്ഷിച്ചവരില്‍ പെടും.

കാസർകോടും തൃശൂരും വോട്ട് ഉണ്ടായിരുന്ന ആദർശ് ഡി. എന്ന വ്യക്തി കാസർകോട്ടെ വോട്ട് ഒഴിവാക്കി തൃശൂരിൽ വോട്ട് നിലനിർത്തിയിട്ടുണ്ട്. കേരളത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നായി തൃശൂരില്‍ വന്നു ചേർന്ന വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നില്‍ പ്രവർത്തിച്ചുവെന്ന ആരോപണത്തിന് ബലം കൂടുകയാണ് പുതിയ വോട്ടുമാറ്റ റിപ്പോർട്ടുകള്‍.



Similar Posts