< Back
Kerala
എസ്ഐആര്‍; കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു
Kerala

എസ്ഐആര്‍; കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു

Web Desk
|
29 Nov 2025 6:55 AM IST

പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുന്നതിനുള്ള കലക്ഷൻ ഹബുകൾ ഇന്നും പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 67.57 ശതമാനമാണിത്. പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുന്നതിനുള്ള കലക്ഷൻ ഹബുകൾ ഇന്നും പ്രവർത്തിക്കും. ജില്ലാ തല കളക്ഷൻ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർക്കായി 'SIR ജോയത്തോൺ' എന്ന പേരിൽ പുതിയ ക്യാമ്പയിനും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചു.

തുടർച്ചയായി ജോലി ചെയ്യുമ്പോഴുള്ള വിരസത ഒഴിവാക്കുന്നതിന് ഇടവേളകളിൽ കലാ-കായികേതര പരിപാടികൾ സംഘടിപ്പിക്കുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. അതേസമയം ആഴ്ചയിലൊരിക്കൽ കമ്മീഷൻ വിളിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് ചേരും. കഴിഞ്ഞ യോഗങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉണ്ടായ പുരോഗതി ചർച്ചയാകും.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ അവസാന ഘട്ടത്തിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ പൂർത്തിയായി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിക്കുന്നുണ്ട്.

വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 50,607 കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ ആകെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്.

ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നലെ മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി തുടങ്ങി. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.



Related Tags :
Similar Posts