
Photo| Special Arrangement
ഇതൊക്കെയെന്ത്...; തിരുവസ്ത്രമണിഞ്ഞ് ഹർഡിൽസിൽ സ്വർണം ചാടിയെടുത്ത് സിസ്റ്റർ സബീന
|മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിരുന്നു.
കൽപറ്റ: കന്യാസ്ത്രീ വേഷത്തിൽ ഹർഡിൽസ് പോലൊരു മത്സരത്തിൽ പങ്കെടുക്കാൻ സിസ്റ്റർ സബീന എത്തുമ്പോൾ കാണികളിൽ അമ്പരപ്പ്. വിസിൽ മുഴങ്ങിയതോടെ പിന്നെ കണ്ടത് ഞെട്ടിക്കുന്ന പ്രകടനം. സ്‌പോർട്‌സ് വേഷത്തിൽ ചാടിയോടിയ താരങ്ങളെ പിന്തള്ളി അതിവേഗം സിസ്റ്റർ സബീന കുതിച്ചു. ഒടുവിൽ, ഫിനിഷ് ചെയ്തത് സ്വർണമെഡലും കൊണ്ട്.
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലാണ് മുൻകായിക താരമായിരുന്ന സിസ്റ്റർ സബീന പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് ഏവരേയും ഞെട്ടിച്ചത്. കന്യാസ്ത്രീ വേഷത്തിൽ ചാടിയോടിയത് കാണികളെയും ആവേശത്തിലാക്കി. 55 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്.
മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പിന്നീട് കായികാധ്യാപികയായ ശേഷം മത്സരങ്ങളിലൊന്നും അധികം പങ്കെടുത്തില്ല. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു അവസരം വന്നതും ഒരു കൈ നോക്കാൻ ഇറങ്ങിയതും. അതിലൂടെ പൊന്നണിയുകയും ചെയ്തു.
അടുത്ത മാർച്ച് മാസം കായികാധ്യാപികയുടെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയാണ് സിസ്റ്റർ. വിരമിക്കുന്നതിനു മുൻപ് മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സിസ്റ്റർ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെത്തിയത്. നാളെ നടക്കുന്ന ഹാമർത്രോ മത്സരത്തിലും സിസ്റ്റർ സബീന പങ്കെടുക്കുന്നുണ്ട്. അതിലും ഞെട്ടിക്കാനാണ് സിസ്റ്റർ ഒരുങ്ങുന്നത്.