
കൊല്ലത്ത് സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സംഭവം: 'ഐസിയുവിൽ പ്രവേശിപ്പിക്കണമെന്ന് നിർദേശിച്ച കുട്ടിയെ നിലത്തു കിടത്തി'; തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ പെൺകുട്ടികളുടെ അച്ഛൻ
|പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി പെൺകുട്ടികളുടെ അച്ഛൻ മുരളി. ഇഎസ്ഐ ആശുപത്രിയിൽ നിന്ന് ഐസിയുവിൽ പ്രവേശിപ്പിക്കണം എന്ന് നിർദേശിച്ച കുട്ടിയെ നിലത്തു കിടത്തിയെന്ന് മുരളി മീഡിയവണിനോട് പറഞ്ഞു.
ഛർദി കൂടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ. രണ്ട് മരണം നടന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇന്നലെയാണ്. വീഴ്ച്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും മുരളി കൂട്ടിച്ചേർത്തു.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശികളായ നീതുവും സഹോദരി മീനാക്ഷിയുമാണ് മരിച്ചത്. സഹോദരൻ രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്ന് ചേരിക്കോണത്ത് രോഗപരിശോധന ക്യാമ്പ് നടത്തും. ആദ്യ ഘട്ടത്തിൽ വിദഗ്ദ്ധ ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന പരാതി വീട്ടിലെത്തിയ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തെ ബന്ധുക്കൾ അറിയിച്ചു.
പ്രദേശത്ത് കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായി തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒയും ജനപ്രതിനിധികളും പങ്കെടുത്തു.
പ്രതിരോധ നടപടികൾ തുടങ്ങാൻ വൈകി എന്ന പരാതി നാട്ടുകാർ ആരോഗ്യവകുപ്പ് സംഘത്തെ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. പ്രദേശത്തെ ജലശ്രോതസുകളെല്ലാം മാലിന്യം കൊണ്ട് മൂടിയത് നാട്ടുകാർ സംഘത്തിന് കാണിച്ചു കൊടുത്തു. കൃത്യമായ പരിശോധനയും അടിയന്തര മാലിന്യ സംസ്കരണവും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.