< Back
Kerala
ശബരിമല സ്വർണക്കൊള്ള കേസ്; മുഴുവൻ രേഖകളും ഇഡിക്ക് കെെമാറി എസ്ഐടി
Kerala

ശബരിമല സ്വർണക്കൊള്ള കേസ്; മുഴുവൻ രേഖകളും ഇഡിക്ക് കെെമാറി എസ്ഐടി

Web Desk
|
19 Dec 2025 6:35 PM IST

രേഖകൾ ഇഡിയ്ക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ രേഖകളും ഇഡിക്ക് കെെമാറി എസ്ഐടി. രേഖകൾ ഇഡിയ്ക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇഡി ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിക്കും. സമാന്തര അന്വേഷണം വേണ്ടെന്ന എസ്ഐടി വാദം തള്ളിയാണ് കോടതിയുടെ നടപടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി.

ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എൻഫോമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. ഇതിൽ അന്വേഷണം നടത്താൻ രേഖകൾ ആവശ്യപ്പെട്ടാണ് വിജലൻസ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താൻ ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. എഫ്ഐആർ,റിമാൻഡർ റിപ്പോർട്ട്, എഫ് ഐ എസ് മൊഴിപ്പകർപ്പുകൾ ഉൾപ്പെടെ എസ്ഐടി ഇഡിക്ക് കൈമാറണം. അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

ഇഡി അന്വേഷണം എസ്ഐടി അന്വേഷണത്തെ ബാധിക്കും എന്നതായിരുന്നു പ്രധാനവാദം. ഇവയെല്ലാം കോടതി പൂർണമായി തള്ളി. വിവിധ സംസ്ഥാനങ്ങളിൽ സ്വർണപ്പാളികൾ എത്തിച്ചതിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. രാജ്യാന്തര വിഗ്രഹ കടത്തു സംഘത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന വെളിപെടുത്തൽ രമേശ് ചെന്നിത്തലയും നടത്തിയിരുന്നു. രേഖകൾ എത്രയും വേഗം കൈപ്പറ്റി കേസെടുത്തു അന്വേഷണം ആരംഭിക്കും.

ആവശ്യം വന്നാൽ കോടതി അനുമതിയോടെ ഇടി പ്രതികളെ ചോദ്യം ചെയ്യും. അതേസമയം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയിൽ എൻ.വാസു, കെ.എസ് ബൈജു, മുരാരി ബാബു എന്നിവർ സമർപ്പിച്ച ജാമ്യഹരജിയും തള്ളി. കേസിന്‍റെ അന്വേഷണം സുപ്രധാന ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

Similar Posts