
ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്റെ വീട്ടിൽ എസ്ഐടി പരിശോധന
|ബെല്ലാരിയിലെ വീട്ടിൽ നിന്നും ബാങ്ക് ഇടപാടിന്റെ രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഗോവർദ്ധന്റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന. ബെല്ലാരിയിലെ വീട്ടിൽ നിന്നും ബാങ്ക് ഇടപാടിന്റെ രേഖകൾ പിടിച്ചെടുത്തു.
കുറ്റപത്രം തയ്യാറാക്കുന്നതിന് പിടിച്ചെടുത്ത രേഖകൾ നിർണായകമാകും. ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഷോപ്പിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ശബരിമല സന്നിധാനത്ത് നിന്ന് പാളികളിലെ സ്വർണ്ണത്തിൻറെ സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൻറെ പരിശോധനയിലൂടെ നഷ്ടപ്പെട്ട സ്വർണത്തിൻറെ അളവിനെക്കുറിച്ച് വ്യക്തത വരും എന്നാണ് കണക്കുകൂട്ടൽ. പരിശോധനാഫലം ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ ആലോചന.
മൂന്നാം തവണയാണ് എസ്ഐടി ബെല്ലാരിയിൽ പരിശോധന നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയത് ഗോവർദ്ധനായിരുന്നു. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഗോവർദ്ധൻ നിലവിൽ ജയിലിലാണ്.
അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹരജി. സ്മാർട്ട് ക്രീറ്റിഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ്.
ഡിസംബർ 19നാണ് എസ്ഐടി പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്യുന്നത്. നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു. ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് എ.ബദറുദീൻ ഇന്നു വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹർജയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കട്ടിളപ്പാളികൾ പൂർണമായും ഇളക്കി മാറ്റി. കൂടുതൽ സാമ്പിളുകൾ ശേഖരിക്കും. കട്ടിളപ്പാളികളിലെ അപാകതകൾ കണ്ടെത്താൻ സമഗ്ര പരിശോധന. ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിർമ്മാണത്തിലെ സുരക്ഷാ വശങ്ങളും പരിശോധനാ പരിധിയിൽ. കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നു. നാളെയും പരിശോധന തുടരും.