< Back
Kerala
അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി
Kerala

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Web Desk
|
23 Feb 2026 3:28 PM IST

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയുമായി അന്വേഷണസംഘം. രാഹുല്‍ അതിജീവിതയെ ഫോണില്‍ വിളിച്ചെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി എസ്‌ഐടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. രാഹുല്‍ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം രാഹുല്‍ അതിജീവിതയെ ഫോണില്‍ വിളിച്ചിരുന്നു. അതിജീവിത ഫോണ്‍ എടുത്തില്ലെങ്കിലും രാഹുലിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കുകയും ചെയ്തു. ഈ പരാതി പരിശോധിച്ചതിന് ശേഷമാണ് എസ്‌ഐടി കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. രാഹുലിന് നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

ഹരജി സ്വീകരിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും അവരുമായി ബന്ധപ്പെടരുതെന്നുമായിരുന്നു ജാമ്യവ്യവസ്ഥയിലെ കര്‍ശന ഉത്തരവ്.

നേരത്തെ, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ നെടുമങ്ങാട് കോടതിയിലെത്തി അതിജീവിത രഹസ്യമൊഴി നല്‍കിയിരുന്നു.

Similar Posts