< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിക്കായി സ്വർണപ്പാളികൾ കൊണ്ട് പോയ അനന്ത സുബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം

Photo| Special Arrangement

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിക്കായി സ്വർണപ്പാളികൾ കൊണ്ട് പോയ അനന്ത സുബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം

Web Desk
|
15 Oct 2025 1:04 PM IST

സ്വർണ്ണപ്പാളി വിവാദം സുവർണാവസരമാക്കാൻ ശ്രമം നടക്കുന്നെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ അനന്ത സുബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് എസ്ഐടി. വിജയ് മല്യയ്ക്ക് വേണ്ടി ശബരിമലയിൽ സ്വർണ്ണം പൂശുന്നതിന് കരാർ ജോലി ചെയ്ത ചെന്നൈയിലെ ജ്വല്ലറിയിൽ എത്തി അന്വേഷണസംഘം തെളിവെടുത്തു. സ്വർണപ്പാളി വിവാദം സുവർണാവസരമാക്കി മാറ്റാൻ ബോധപൂർവമായി ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

ശബരിമലയിലെ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തുന്നതിനുമുമ്പ് തന്നെ മാറ്റിയോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകൾ. അതിനാലാണ് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യത്തെ കൂടി അന്വേഷണം കേന്ദ്രീകരിക്കുന്നത്. സ്വർണപ്പാളി പോയ വഴിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. യു ബി ഗ്രൂപ്പ് നൽകിയ കണക്ക് പ്രകാരമുള്ള സ്വർണപ്പാളികൾ ഉരുക്കിയപ്പോൾ കിട്ടിയിട്ടില്ല. ഇതിൽ ആദ്യഘട്ട ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. അതിനാലാണ് പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിൽ യു ബി ഗ്രൂപ്പിന് വേണ്ടി സ്വർണ്ണം പൂശുന്നതിന് കരാർ ഏറ്റെടുത്തത് ചെന്നൈയിലെ ജെ എൻ ആർ ജുവല്ലേഴ്സ് ആണ്. അന്വേഷണസംഘം ഇവിടെയെത്തി ജ്വല്ലറി ഉടമ ജഗന്നാഥിൽ നിന്ന് മൊഴിയെടുത്തു. രേഖകളും പരിശോധിച്ചു. നിലവിലെ സസംഭവങ്ങളെ സുവർണാവസരം ആക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു.രേഖകൾ വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്യുക.


Similar Posts