< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള; ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങൾ എസ്ഐടിക്ക്

ഉണ്ണികൃഷ്ണൻ പോറ്റി Photo| MediaOne

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങൾ എസ്ഐടിക്ക്

Web Desk
|
25 Oct 2025 6:40 AM IST

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചു. സ്വർണ കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും.

ദേവസ്വം ബോർഡിനെ വെട്ടിലാക്കിയായിരുന്നു മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴി. സ്വർണ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിനും കമ്മീഷണർ എൻ. വാസുവിനും അറിയാമായിരുന്നുവെന്നാണ് മുരാരി ബാബു മൊഴി നൽകിയത്.

ശബരിമലയിലെ സ്വർണകൊള്ള ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ നടന്ന തട്ടിപ്പെന്നായിരുന്നു അന്നത്തെ ബോർഡ് അംഗങ്ങളുടെ നിലപാട്. എന്നാൽ ഇതിനെ തള്ളുന്നതാണ് മുരാരി ബാബുവിന്റെ മൊഴി. രേഖകളിൽ സ്വർണപ്പാളികൾ ചെമ്പ് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ, ബോർഡിലെ മറ്റ് അംഗങ്ങൾ, ദേവസ്വം കമ്മീഷണർ എൻ. വാസു തുടങ്ങിയവർ കണ്ടിട്ടുണ്ട്. ചെമ്പന്നത് തിരുത്താൻ ഇവർ ആവശ്യപ്പെട്ടിട്ടില്ല. അതിനാലാണ് ആദ്യം കട്ടള പാളിയും പിന്നീട് ദ്വാര പാലക ശിൽപ്പവും കൊണ്ടുപോയപ്പോൾ രേഖകളിൽ ചെമ്പെന്ന് തന്നെ എഴുതിയത്. മഹസറിലും അങ്ങനെ തന്നെ രേഖപ്പെടുത്തി. ഈ സമയങ്ങളിൽ ഒന്നും സ്വർണം എന്നത് മാറ്റിയെഴുതാൻ ഇവരാരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുരാരി ബാബു പറയുന്നു.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ പാളികളിലെ അടിസ്ഥാന ലോഹം ചെമ്പാണ്. സ്വർണം പൊതിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനാലാണ് രേഖകളിൽ ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു പറഞ്ഞു. സ്വർണപ്പാളികൾ കൊണ്ടുപോയപ്പോൾ ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നത് മാത്രമാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്നാണ് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ആവർത്തിക്കുന്നത്.



Similar Posts