< Back
Kerala
ധൈര്യം സംഭരിച്ച് നിൽക്കൂ, എന്‍റെ നമ്പറൊക്കെ കയ്യിലില്ലേ; യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി ശിവൻകുട്ടി
Kerala

''ധൈര്യം സംഭരിച്ച് നിൽക്കൂ, എന്‍റെ നമ്പറൊക്കെ കയ്യിലില്ലേ''; യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി ശിവൻകുട്ടി

Web Desk
|
27 Feb 2022 12:19 PM IST

വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നുണ്ടെന്നും വേണു രാജാമണിയുടെ ഇടപെടൽ വലുതാണെന്നും മന്ത്രി

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ധൈര്യം സംഭരിച്ചു നിൽക്കാനും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥിനിയുടെ മാതാപിതാക്കളേയും മന്ത്രി സമാശ്വസിപ്പിച്ചു.വിദ്യാര്‍ഥിനിയോട് തന്‍റെ നമ്പര്‍ കയ്യിലില്ലേ എന്നന്വേഷിച്ച മന്ത്രി ഏത് സമയത്തും തന്നെ ബന്ധപ്പെടാമെന്നും അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നുണ്ടെന്നും വേണു രാജാമണിയുടെ ഇടപെടൽ വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രമീകരണങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായതായും മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി യുക്രൈനില്‍ നിന്ന് ഇന്ന് പുലര്‍ച്ചയോടെ എത്തിയ വിമാനത്തില്‍ 14 മലയാളികളുണ്ടായിരുന്നു. ഹോളണ്ടില്‍ നിന്നെത്തിയ മൂന്നാം വിമാനത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 മലയാളികളും സുരക്ഷിതമായി തിരിച്ചെത്തി.

Similar Posts