< Back
Kerala
തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത; റിയാസിനെതിരെ മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിച്ച് എം.ബി രാജേഷ്
Kerala

തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത; റിയാസിനെതിരെ മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിച്ച് എം.ബി രാജേഷ്

Web Desk
|
21 May 2025 7:53 AM IST

അഭിപ്രായഭിന്നത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഇടയിൽ വ്യത്യസ്ത അഭിപ്രായം..കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂർണമായി ക്രെഡിറ്റ് ഏറ്റെടുക്കാൻ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയർന്നെന്നാണ് വിവരം.

രണ്ടു മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് അറിയുന്നത്.

സ്മാർട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകൾ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതിൽ ചെറിയ ജനരോഷമല്ല സർക്കാരും,കോർപ്പറേഷനും കേൾക്കേണ്ടിവന്നത്. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തലസ്ഥാനത്തെ സ്മാർട്ട് റോഡുകൾ തയ്യാറായി. രാജ്യത്തെ മെട്രോ നഗരങ്ങളിലേത് പോലെ റോഡുകൾ മനോഹരമായാണ് നിര്‍മിച്ചത്.പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും പത്ര പരസ്യങ്ങളും നിറഞ്ഞു.പക്ഷേ, മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. അതിനു പിന്നിൽ മറ്റു കാര്യങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മന്ത്രി റിയാസിനെതിരെ മുഖ്യമന്ത്രിയെ നേരിൽകണ്ട് എം ബി രാജേഷ് പരാതി അറിയിച്ചെന്നും രാജേഷിന്റെ പരാതിയെത്തുടർന്നെന്ന് മുഖ്യമന്ത്രി വിട്ടുനിന്നതുമെന്നാണ് പുറത്ത് വരുന്ന വിവരം.

തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമ്മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നൽകി. ചെലവ് കണക്കാക്കി 80 കോടി നൽകിയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ്, സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടം എന്നതിനപ്പുറം പണം ഒന്നും ചെലവഴിക്കുന്നില്ല..കേന്ദ്ര-സംസ്ഥാന സർക്കാരുകളും, തിരുവനന്തപുരം കോർപ്പറേഷനുമാണ് പണം മുഴുവൻ ചെലവഴിച്ചത്.

ഇതിലുള്ള വിയോജിപ്പ് തദ്ദേശമന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതോടെയാണ് അദ്ദേഹം ഉദ്ഘാടനം ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നാണ് വിവരം . ആരോഗ്യ പ്രശ്നങ്ങളാണെന്നാണ് അറിയിച്ചതെങ്കിലും ആ ദിവസം ഉച്ച വരെയും, പിറ്റേന്ന് രാവിലെ നടന്ന പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന അമിതാധികാര ഇടപെടലുകളിൽ മന്ത്രിസഭയിലെ മറ്റ് ചില മന്ത്രിമാർക്കും, പാർട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.


Similar Posts