
കോഴിക്കോട് മെഡിക്കൽ കോളജിലെ പുക: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
|അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ മൂന്ന് മരണങ്ങൾ പുകശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂർ സ്വദേശികളുടെ പോസ്റ്റ്മോർട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
വെൻ്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്. കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികൾ മരിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. മരിച്ചവരിൽ രണ്ടുപേർ കാൻസർ രോഗികളും ഒരാൾ കരൾ രോഗിയുമായിരുന്നു. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്നും ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.