< Back
Kerala
SNDP Protection Committee demands Chief Minister and ministers withdraw from the reception ceremony for Vellappalli nadesan
Kerala

'വെള്ളാപ്പള്ളി സ്വന്തം സമുദായത്തെ വിൽക്കുന്നയാൾ'; സ്വീകരണ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി

Web Desk
|
9 April 2025 6:52 AM IST

'മലപ്പുറത്തെ മുസ്‌ലിംകൾക്കെതിരായ വിവാദ പ്രസ്താവനയിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം'.

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. മലപ്പുറം പ്രത്യേക രാജ്യം എന്ന പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി അപമാനിച്ചത് രാജ്യത്തെ പ്രധാനമന്ത്രിയെ ആണ്.

ഈഴവർക്കിടയിൽ ഒരു മുതലാളി മതി എന്നുള്ളതു കൊണ്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഗോകുലം ഗോപാലനെ ഉൾപ്പടെ വേട്ടയാടുന്നതെന്നും സംരക്ഷണ സമിതി ചെയർമാൻ അഡ്വക്കേറ്റ് എസ്. ചന്ദ്രസേനൻ മീഡിയവണിനോട് പറഞ്ഞു.

ഏപ്രിൽ 11നാണ് ചേർത്തല ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടകൻ. ചടങ്ങിൽ നാലു മന്ത്രിമാരും പങ്കെടുക്കും. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി വ്യക്തമാക്കി.

മലപ്പുറത്തെ മുസ്‌ലിംകൾക്കെതിരായ വിവാദ പ്രസ്താവനയിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സ്വന്തം സമുദായത്തെ വിൽക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ എന്നും സംരക്ഷണ സമിതിയുടെ വിമർശനം. ഈഴവ സമുദായത്തിൽ നിന്ന് മറ്റാരെയും വളരാൻ വെള്ളാപ്പള്ളി അനുവദിക്കുന്നില്ല. ഒരു മുതലാളി മതി എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്നും സംരക്ഷണ സമിതി ചെയർമാൻ പറയുന്നു.

വിവാദങ്ങൾ കത്തിനിൽക്കെ വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുക്കുമോ എന്നറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം.





Similar Posts