
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണം; ഐടി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
|കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 'ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്' ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് ഐടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വ്യാജവാര്‍ത്തകള്‍ തടയുന്നതിനെന്ന പേരിലാണ് പുതിയഭേദഗതി. പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. പുതിയ നിയമപ്രകാരം, രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരോ കോടതികളോ നിര്‍ദേശിച്ചാല്‍ 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ചിത്രങ്ങളോ ലൈംഗികാതിക്രമം ദൃശ്യമാക്കുന്ന ഉള്ളടക്കങ്ങളോ ആണെങ്കില്‍ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 'ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്' ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എഐ ഇംപാക്ട് ഉച്ചകോടി സമാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ദേശസുരക്ഷ, അപകീര്‍ത്തി, ക്രമസമാധാനം, കോടതിയലക്ഷ്യം എന്നീ കാരണങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുക്കിയതെന്നാണ് വിവരം. കൂടാതെ, നഗ്‌നത, ലൈംഗികത, മോര്‍ഫിങ് തുടങ്ങിയവ നീക്കം ചെയ്യാനുള്ള സമയം 24 മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായും വെട്ടിച്ചുരുക്കി ചട്ടഭേദഗതി വരുത്തിയിട്ടുണ്ട്.
സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉത്തരവ് ലഭിച്ചാല്‍ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ച നടപടിയിലാണ് വിമര്‍ശനമുയരുന്നത്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറാക്കിയാണ് വെട്ടിച്ചുരുക്കിയത്. വ്യക്തിഗത പരാതികളും നടപടിക്കുമുള്ള സമയപരിധിയും കുറിച്ചിട്ടുണ്ട്.