< Back
Kerala
കറുത്ത കാറിനും റിയാസിനും വിലക്കുണ്ടോ?; മുഖ്യമന്ത്രിയുടെ പരിപാടിയിലെ കറുപ്പിനെതിരായ വിലക്കിൽ സോഷ്യൽ മീഡിയ
Kerala

'കറുത്ത കാറിനും റിയാസിനും വിലക്കുണ്ടോ?'; മുഖ്യമന്ത്രിയുടെ പരിപാടിയിലെ കറുപ്പിനെതിരായ വിലക്കിൽ സോഷ്യൽ മീഡിയ

Web Desk
|
19 Feb 2023 1:46 PM IST

കറുത്ത കാക്കയ്ക്ക് പരിപാടിയുടെ അടുത്ത് കൂടി പറന്ന് പോകുന്നതിന് പ്രശ്നമുണ്ടോയെന്ന് ചോദ്യം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കേർപ്പെടുത്തിയതിൽ ട്രോൾവർഷവുമായി സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയുടെ കറുത്ത വാഹനത്തിനും കറുപ്പണിഞ്ഞ് വേദിയിലെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിനും വിലക്കുണ്ടോയെന്നാണ് ട്രോളന്മാരുടെ ചോദ്യം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിലെ പരിപാടിയിൽ കറുപ്പൊഴിവാക്കാൻ വിദ്യാർഥികൾക്ക് അധികൃതർ നിർദേശം നൽകിയത് വാർത്തയായതോടെയാണ് ട്രോളന്മാരുടെ ചോദ്യം.

പരിപാടിയിൽ കറുപ്പണിഞ്ഞ് വേദിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിലാണ് ആദ്യം ട്രോളന്മാരുടെ കണ്ണുടക്കിയത്. കറുത്ത കാക്കയ്ക്ക് പരിപാടിയുടെ അടുത്ത് കൂടി പറന്ന് പോകുന്നതിന് പ്രശ്നമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം. കറുപ്പിനഴക് എന്ന പാട്ട് നിരോധിക്കിതാരുന്നാൽ മതിയായിരുന്നുവെന്നും മണ്ഡലകാലം അല്ലാത്തത് കൊണ്ട് സ്വാമിമാർ രക്ഷപ്പെട്ടുവെന്നും പരിഹാസമുണ്ട്. ഇന്നലെയാണ് കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാൻ അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്.



അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും രണ്ട് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയിൽ നിൽക്കുകയായിരുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്തിനാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നത് എന്ന ഇരുവരുടേയും ചോദ്യത്തിന് ഇത് കരുതൽ തടങ്കലാണെന്നും അതിന് നിയമമുണ്ടെന്നുമാണ് പൊലീസ് നൽകിയ വിശദീകരണം.

Similar Posts