< Back
Kerala
പത്തനംതിട്ട സിപിഎമ്മിൽ സോഷ്യൽ മീഡിയ പോര് രൂക്ഷം; വീണാ ജോർജിനെ ലക്ഷ്യമിട്ട് ആറന്മുള ചെമ്പടയില്‍ പോസ്റ്റുകള്‍
Kerala

പത്തനംതിട്ട സിപിഎമ്മിൽ സോഷ്യൽ മീഡിയ പോര് രൂക്ഷം; വീണാ ജോർജിനെ ലക്ഷ്യമിട്ട് 'ആറന്മുള ചെമ്പട'യില്‍ പോസ്റ്റുകള്‍

Web Desk
|
31 July 2025 6:45 AM IST

വിഭാഗീയ പ്രവർത്തനം ജില്ലാ നേതൃത്വം പരിശോധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നുവെന്ന സൂചന നൽകി സോഷ്യൽ മീഡിയയിൽ പോര് രൂക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിനെ ലക്ഷ്യമിട്ട് 'ആറന്മുള ചെമ്പട' എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ആറന്മുള സീറ്റ് ലക്ഷ്യമിട്ട്ചില പ്രാദേശിക നേതാക്കന്മാർ നടത്തുന്ന നീക്കമായിട്ടാണ് പാർട്ടി ഇതിനെ വിലയിരുത്തുന്നത്.

വിഭാഗീയത പൂർണ്ണമായി അവസാനിച്ചുവെന്ന് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ പ്രഖ്യാപിച്ചതാണ്.പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് പിണറായി വിജയൻ രണ്ടുതവണ മുഖ്യമന്ത്രിയായിട്ടും അത് അവസാനിച്ചില്ല എന്ന സൂചന നൽകുന്നതാണ് പത്തനംതിട്ടയിലെ ചില നേതാക്കന്മാരുടെ ഇടപെടലുകൾ.

കൊല്ലം സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി വീണാ ജോർജിനെ ഉയർത്തിയ സമയത്ത് തുടങ്ങിയതാണ് പത്തനംതിട്ട പാർട്ടിയിലെ പ്രശ്നങ്ങൾ. ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് 'ആറന്മുള ചെമ്പട' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നത് മുതിർന്ന നേതാവ് ആർ.സനൽകുമാർ ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന ചില കാര്യങ്ങൾ.

ആരോഗ്യമേഖലയുടെ ഇടപെടലുകൾ സിപിഎമ്മിന്റെ മുതിർന്ന നേതാവ് തന്നെ മോശമാക്കി കാണിക്കുന്നു എന്നും പോസ്റ്റിനടിയിൽ കമന്റുകൾ ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യൽ മീഡിയയിലെ ഈ വിഭാഗീയ പ്രവർത്തനം ജില്ലാ നേതൃത്വം പരിശോധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 'ആറന്മുള ചെമ്പട' എന്ന ഗ്രൂപ്പിന് പിന്നിൽ ആരാണെന്നും പാർട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Similar Posts