
ഉണ്ടായത് സ്വാഭാവിക അപകടം; മെഡിക്കൽ കോളജിനെതിരെ ചിലർ തെറ്റായ പ്രചാരണം നടത്തുന്നു: വി. വസീഫ്
|അപകടം പൊലിപ്പിച്ചു കാണിച്ച് മെഡിക്കൽ കോളജിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും വസീഫ് പറഞ്ഞു.
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിരെ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. സ്വാഭാവികമായ അപകടമാണ് ഇന്ന് ഉണ്ടായത്. അതിന്റെ പേരിൽ രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്നത് ഹീനമായ പ്രവൃത്തിയാണ്. എന്ത് വില കൊടുത്തും മെഡിക്കൽ കോളജ് ആശുപത്രിയെ സംരക്ഷിക്കും. അപകടം പൊലിപ്പിച്ചു കാണിച്ച് മെഡിക്കൽ കോളജിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും വസീഫ് പറഞ്ഞു.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയിൽ നിന്നാണ് ഇന്ന് പുക ഉയർന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നിരുന്നു. യുപിഎസ് റൂമിലെ ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലേക്കും പടരുകയായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.