< Back
Kerala
കോഴിക്കോട് പിതാവിനെ മകൻ മർദിച്ചുകൊന്നു
Kerala

കോഴിക്കോട് പിതാവിനെ മകൻ മർദിച്ചുകൊന്നു

Web Desk
|
9 May 2024 3:00 PM IST

മകൻ അക്ഷയ് ദേവിനെ പൊലീസ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. എകരൂൽ സ്വദേശി ദേവദാസൻ ആണ് മരിച്ചത്. മകൻ അക്ഷയ് ദേവിനെ പോലീസ് പിടികൂടി.

മെയ് ആറാം തീയ്യതിയാണ് ദേവദാസൻ മരണപ്പെട്ടത്. കട്ടിലിൽ നിന്ന് വീണുപരിക്കേറ്റു എന്നാണ് മകൻ അക്ഷയ് ദേവ് ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. ആശുപത്രിൽ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവദാസന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

ദേവദാസനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് തർക്കവും ഉണ്ടാവാറുണ്ട്. മെയ് 2ാം തീയതി ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. തുടർന്ന് മകൻ അക്ഷയ് ദേവ് ദേവദാസനെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഈ മർദനത്തിൽ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റിട്ടും ആശുപത്രിയിൽ പ്രവേശിക്കാൻ ദേവദാസൻ തയ്യാറായില്ല. തുടർന്ന് നാല് ദിവസങ്ങൾക്കു ശേഷം ദേവദാസൻ കുഴഞ്ഞുവീണു. ഇതേതുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദനത്തിൽ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്‌നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അക്ഷയ്‌ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റം സമ്മതിച്ച അക്ഷയ് ദേവിനെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.


Similar Posts