
'മക്കത്തെ മംഗല്യരാവ്...ഖദീജക്ക് കല്യാണനാള്'; ദേശവിളക്ക് ഉത്സവത്തിൽ വൈറലായി വാവരെ പറ്റിയുള്ള പാട്ട്
|മണ്ഡലകാലത്ത് മധ്യ കേരളത്തിൽ അനുഷ്ഠിച്ചു വരുന്ന അയ്യപ്പ ആരാധനയാണ് അയ്യപ്പൻ വിളക്ക് അഥവ ദേശവിളക്ക്
കൊടുങ്ങല്ലൂർ: അയ്യപ്പസ്തുതി ഉയരുന്ന ദേശവിളക്കിൽ വാവരെ പറ്റിയുള്ള പാട്ട് വൈറലാകുന്നു. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തൃശൂർ എടവിലങ്ങിൽ നടന്ന ദേശവിളക്ക് ഉത്സവത്തിലാണ് അയ്യപ്പഗാനങ്ങളുടെ ശൈലിയിലുള്ള ഈ പാട്ട് ഭജനസംഘം അവതരിപ്പിച്ചത്.
'മക്കത്തെ മംഗല്യരാവ്
ഖദീജക്ക് കല്യാണനാള്
മൊഞ്ചുള്ള തേരിലങ്ങേറി
എത്തിയല്ലോ മണിമാരൻ.....
നാളുകളേറെ കഴിഞ്ഞു
പത്തുമാസം തികഞ്ഞല്ലോ
പിറന്നല്ലോ പാത്തുമ്മപ്പെണ്ണ്!
സുന്ദരിയാണവൾ പാത്തു!'- എന്നുതുടങ്ങുന്ന ഗാനമാണ് വൈറലായത്.
മണ്ഡലകാലത്ത് മധ്യ കേരളത്തിൽ അനുഷ്ഠിച്ചു വരുന്ന അയ്യപ്പ ആരാധനയാണ് അയ്യപ്പൻ വിളക്ക് അഥവ ദേശവിളക്ക്. അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും മഹിഷിയുമായുള്ള യുദ്ധവും ശബരിമലയിലേക്കുള്ള യാത്രയുമാണ് സാധാരണഗതിയിൽ അയ്യപ്പവിളക്കിൽ പാടുക. ചിന്ത പാട്ടിന്റെയും ശാസ്താം പാട്ടിന്റെയും ഈരടികളോടെയാണ് ഇവ അവതരിപ്പിക്കുക.
സൂഫിഗായകനായ സമീർ ബിൻസി എടവിലങ്ങിലെ പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ''കഴിഞ്ഞ മണ്ഡല കാലത്താണ് എഇഎസ് പുതിയകാവ് എന്ന ഇളനിക്കൽ അയ്യപ്പൻ മകൻ സുബ്രഹ്മണ്യേട്ടന്റെ പാത്തുമ്മ പെറ്റ വാവർ മകനും എന്ന ചിന്തുപാട്ട് സന്ദീപ് ഭായിയിൽ നിന്ന് ലഭിക്കുകയും അത് പോസ്റ്റ് ചെയ്യുകയും ഒരുപാട് പേർ കാണുകയും, ഒരു ഫോക്ക് മിസ്റ്റിക് ടച്ചുള്ള ആ ചിന്ത് നമ്മൾ പിന്നീട് പല കൺസർട്ടുകളിലും പാടുകയും ചെയ്തത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ കളക്ഷനിൽ നിന്നുതന്നെ കിട്ടിയ വേറൊന്ന്..! ചരിത്രവും ചരിതവും നാട്ടുമൊഴികളും മിസ്റ്റിക് തലങ്ങളും, ഇച്ച മസ്താന്റെയും തമിഴ്‌നാട്ടിലെ തക്കല പീറിന്റേയും ഗുണംകുടി മസ്താന്റെയും മെയ്ഞ്ഞാനപ്പാടലുകളിൽ വന്നതു പോലുള്ള ശൈവ - മുസ്‌ലിം - രൂപകാലങ്കാരങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള കോർവകളും...!
കാലങ്ങളായി തുടർന്നുവരുന്ന, മനുഷ്യമനസ്സിലെ ഇത്തരം സ്‌നേഹവിരുന്നുകളെ നിരാകരിക്കുന്ന ജന്മങ്ങൾ ഉണ്ട് എന്നാണ് കഴിഞ്ഞവർഷത്തെ 'വാവർ- അയ്യപ്പൻ വിവാദ'ത്തിൽ നിന്നും, ഈയുള്ളവൻ തന്നെ പോസ്റ്റ് ചെയ്തിരുന്ന ആ ചിന്തു പാട്ടിനെതിരെയുള്ള വെറുപ്പു പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്ന കാര്യം.
'വിഷം കലക്കുന്ന മനുഷ്യരില്ലെങ്കിൽ എത്ര സുന്ദരമാണ് നമ്മുടെ നാട്' ്എന്ന് പറയുന്നത് പോലും അമിതകാൽപനിക ക്ലീഷേ ആയേക്കാം... പക്ഷേ സ്വപ്നം കാണില്ല എന്ന് നമ്മൾ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ.. എന്തായാലും ഇതൊക്കെ കാണുന്നതും കേൾക്കുന്നതും എന്തു രസമാണ് -സമീർ ബിൻസി ഫേസ്ബുക്കിൽ കുറിച്ചു.