
Sonia Gandhi
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും
|നാമനിർദേശ പത്രിക സമർപ്പിക്കുക രാജസ്ഥാൻ നിയമസഭയിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. അംഗത്വത്തിനായി രാജസ്ഥാൻ നിയമസഭയിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. അതിനായി സോണിയ ഗാന്ധി ജയ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ്. ആദ്യമായാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
2004 മുതൽ നിരന്തരം റായ്ബറേലിയിൽനിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സോണിയ. 2019 ദേശീയ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മുഴുവൻ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും റായ്ബറേലി സോണിയയെ കൈവിട്ടിരുന്നില്ല. ഇക്കുറിയും അവർ അവിടെ മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതേസമയം, മകൾ പ്രിയങ്കക്കായി മണ്ഡലം ഒഴിയുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് പുതിയ നീക്കം.
കർണാടകയും തെലങ്കാനയും തങ്ങളുടെ സംസ്ഥാനങ്ങളിലൂടെ രാജ്യസഭാംഗമാകാൻ സോണിയയെ ക്ഷണിച്ചിരുന്നു. എന്നാൽ പ്രാദേശിക സന്തുലനം പാലിക്കാൻ അവർ രാജസ്ഥാൻ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുൽഗാന്ധി കേരളത്തിൽനിന്നും മല്ലികാർജുൻ ഖാർഗെ കർണാടകയിൽനിന്നും പാർലമെൻറിലെത്തുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിൽ മുതിർന്ന നേതാവായ സോണിയയെ നിർത്തുകയായിരുന്നു. അതേസമയം, സോണിയ ഗാന്ധിയെ രാജസ്ഥാനിലേക്ക് അശോക് ഗെഹ്‌ലോട്ട് സ്വാഗതം ചെയ്തു.