Kerala
Sooryagayathri murder case
Kerala

നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുൺ കുറ്റക്കാരൻ, വിധി നാളെ

Web Desk
|
30 March 2023 12:14 PM IST

33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്

നെടുമങ്ങാട്: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല പറഞ്ഞു. ഇങ്ങനെ ദ്രോഹം ചെയ്തവർ ഒരു കാലത്തും പുറംലോകം കാണാൻ പാടില്ലെന്നും ഒരു അമ്മക്കും ഇനി ഈ അനുഭവം ഉണ്ടാവരുതെന്നും അവർ കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റിലാണ് വിവാഹാഭ്യർഥ നിരസിച്ചതിന് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും.

33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Similar Posts