< Back
Kerala
ശബരിമല സ്വർണക്കൊള്ള; തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ
Kerala

ശബരിമല സ്വർണക്കൊള്ള; തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ

Web Desk
|
12 Feb 2026 6:37 AM IST

തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്റെ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

കൊല്ലം: സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ . മുംബൈയിലെ ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഉച്ചയോടെ ഉദ്യോഗസ്ഥർ പമ്പയിലെത്തും. ഹൈക്കോടതി ഉത്തരവ് പ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ശ്രീകോവിലിലെ സ്വർണപ്പാളികളിൽ എസ്ഐടി ഇന്ന് പരിശോധന പൂർത്തിയാക്കുന്നത്.

അതേസമയം, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയുള്ള മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. മറ്റൊരു പ്രതിയായ ദേവസ്വം മുൻ മെമ്പർ ശങ്കർദാസിന്റെ റിമാൻഡ് വീണ്ടും നീട്ടും.

തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ് ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിള പാളി കേസിലാണ്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹരജിയിൽ വാദം പൂർത്തിയായി.

ഉദ്യോഗസ്ഥനെന്ന നിലയിലാണ് കെ.എസ് ബൈജു സ്വർണ കവർച്ച കേസിൽ പ്രതിയായത്. അതെ സമയം സന്നിധാനത്ത് ബൈജുവിന് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമാണ് പ്രതിഭാഗം വാദം. സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് പങ്ക് ഇല്ലെന്നും പ്രതിഭാഗം വാദം ഉയർത്തി.

റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായത് പരിഗണിച്ച് കട്ടിളപ്പാളി കേസിൽ കെ.എസ് ബൈജുവിന് വിജിലൻസ് കോടതി ജാമ്യം നൽകും. എന്നാൽ ദ്വാരപാലക കേസിൽ ഈ മാസം 25നാണ് ജാമ്യ ഹരജി സമർപ്പിക്കുക. റിമാൻഡ് തുടരുന്നതിനാൽ ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. കഴിഞ്ഞദിവസം ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം അഞ്ചു പേരാണ് ജാമ്യം നേടി ജയിൽ മോചിതരായത്.

Similar Posts