
സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ല, അർജന്‍റീന ടീമുമായി കരാർ ഒപ്പിട്ടത് സ്പോൺസർമാർ: വി. അബ്ദുറഹ്മാൻ
|അർജന്റീന ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല സ്‌പെയിൻ സന്ദർശനമെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കരാർ ലംഘിച്ചെന്ന എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ ആരോപണം നിഷേധിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്‌പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും വി. അബ്ദുറഹ്മാൻ പറഞ്ഞു.
എഎഫ്എ മാർക്കറ്റിങ് മേധാവിയുടെ ആരോപണത്തിന് നടപടിക്രമങ്ങൾക്ക് ശേഷം മറുപടി പറയുമെന്നും അർജന്റീന ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല സ്‌പെയിൻ സന്ദർശനമെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി. ആസ്ത്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. കായിക വികസനത്തിനായി വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കുകയാണ്. സ്‌പെയിനിൽ വെച്ച് അർജന്റീന ക്യാംപ് സന്ദർശിച്ചു. അനാവശ്യ വാർത്തകൾ സൃഷ്ടിക്കരുത്. മെസ്സി കേരളത്തിൽ കളിക്കുന്നത് കായിക പ്രേമികളുടെ സ്വപ്നമാണെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
'ഇപ്പോള്‍ ഏതോ ഒരു വാട്‌സ് ആപ്പ് ചാറ്റുമായിട്ടാണ് വന്നിട്ടുള്ളത്. ലിയാന്‍ഡ്രോ എന്നുപറയുന്ന ആള്‍ അവരുടെ മാര്‍ക്കറ്റിങ് ഹെഡാണ്. അദ്ദേഹമാണ് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഒപ്പുവെച്ചിട്ടുള്ളത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. അവര്‍ തമ്മിലാണ് കരാര്‍. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍മാര്‍ തന്നെ പറഞ്ഞു ഈ ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ വരാനാവില്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന്'-വി. അബ്ദുറഹ്മാൻ പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചിരുന്നു.