< Back
Kerala
മെസ്സി മാർച്ചിൽ തന്നെ വരും, അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ
Kerala

'മെസ്സി മാർച്ചിൽ തന്നെ വരും, അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു' വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ

Web Desk
|
3 Nov 2025 11:41 AM IST

നവംബറിൽ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു

മലപ്പുറം: ലയണൽ മെസ്സി മാർച്ചിൽ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി. രണ്ട് ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. നവംബറിൽ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

രണ്ട് നാൾ മുമ്പ് അ‍ർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ നിർബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡിസംബറിൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇന്ത്യൻ ന​ഗരങ്ങളിൽ മെസ്സിയും അർജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്. അർജന്റീന ടീം അയച്ചതെന്ന് മന്ത്രി പറയുന്ന മെയിലിൽ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല.

'അടുത്ത 15 ദിവസത്തോടെ നമ്മുടെ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല രീതിയിൽ അധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. എഎഫ്ഐയുടെ മെയിൽ വന്നത് കായികമന്ത്രിക്കാണ്. കൂടുതൽ ചർച്ച ചെയ്ത് നടപടിയാക്കും.'മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷൻ 2023 കായിക സെമിനാറിന്റെ ഭാ​ഗമായി രണ്ട് ദിവസമായി മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരി​ഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചയിൽ ധാരണയായെന്നും സ്പോൺസർ ആന്റോ അ​ഗസ്റ്റിൻ പറഞ്ഞിരുന്നു.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജന്റീന ടീം കേരളത്തിൽ വരുന്നതിന് തടസമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മന്ത്രി പറഞ്ഞിരുന്നില്ല.

നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ സൗഹൃദ മത്സരം. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പിലൂടെ ടീം വ്യക്തമാക്കിയിരുന്നു. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിരുന്നില്ല.

നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നാണ് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അർജന്റീന ടീം കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Similar Posts