< Back
Kerala
ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത് ചാണക വെള്ളം കൊണ്ടാണെന്ന് തെളിയിച്ചാൽ 1 ലക്ഷം ഇനാം; മുസ്‍ലിം യൂത്ത് ലീഗ്
Kerala

'ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത് ചാണക വെള്ളം കൊണ്ടാണെന്ന് തെളിയിച്ചാൽ 1 ലക്ഷം ഇനാം'; മുസ്‍ലിം യൂത്ത് ലീഗ്

Web Desk
|
17 Dec 2025 12:17 PM IST

എന്നാൽ ചാണക വെള്ളം തെളിച്ചെന്നത് വ്യാജപ്രചാരണം ആണെന്നും ജാതീയമായ വിഭജനം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നുമാണ് യുഡിഎഫ് വിശദീകരണം

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തെളിച്ച് പ്രതീകാത്മകമായി ശുദ്ധീകരിച്ച ലീഗ് പ്രവർത്തകരുടെ വിജയാഹ്ലാദത്തിൽ വിവാദം. ചാണക വെള്ളം തെളിച്ച് ശുചീകരിച്ചത് നിലവിലെ പ്രസിഡൻ്റിനെ ജാതീയമായി അധിക്ഷേപിക്കുന്നതാണെന്ന് സിപിഎം ആരോപണം.സമീപ പഞ്ചായത്തിൽ ഒന്നും ഇല്ലാത്ത വിധമുള്ള ആഹ്ളാദ പ്രകടനം തനിക്കെതിരായ ജാതീയമായ അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണി പറഞ്ഞു.

എന്നാൽ ചാണക വെള്ളം തെളിച്ചെന്നത് വ്യാജപ്രചാരണം ആണെന്നും ജാതീയമായ വിഭജനം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നുമാണ് യുഡിഎഫ് വിശദീകരണം. വ്യക്തിപരമായ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും യുഡിഎഫ് പ്രദേശിക നേതൃത്വം പറഞ്ഞു.

അതേസമയം യുഡിഎഫ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയ ചാണകവെള്ളം കൊണ്ടാണെന്ന് തെളിയിച്ചാൽ 1 ലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്‍ലിം യൂത്ത് ലീഗ് കടിയങ്ങാട് യൂണിറ്റ് കമ്മിറ്റി. ശുദ്ധികലശം നടത്തിയെന്നത് കുപ്രചരണമാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിൽ 19 വാർഡുകളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിരുന്നു.കഴിഞ്ഞ തവണ 10 വാർഡുകളോടെ ഭരണം പിടിച്ച എൽഡിഎഫ് ഇത്തവണ ഒരു വാർഡിൽ മാത്രമാണ് ജയിച്ചത്.

Similar Posts