< Back
Kerala
Sukumaran Nair, NSS, സച്ചിദാനന്ദ സ്വാമി, സുകുമാരൻ നായർ
Kerala

സച്ചിദാനന്ദ സ്വാമിക്കെതിരായ അധിക്ഷേപം; സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധം

Web Desk
|
9 Jan 2025 5:49 PM IST

അവഹേളനം കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും, സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ

തിരുവനന്തപുരം: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷനെ സുകുമാരൻ നായർ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എൻഎസ്എസ് നേതാവ് സുകുമാരൻ നായരുടെ കോലം കത്തിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കേരളത്തിലെ ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി ഇക്കാലത്തും പ്രവേശനം നടത്തുന്നത് അനാചാരമാണെന്നും അത് ശ്രീനാരായണ ക്ഷേത്രങ്ങളിലെങ്കിലും ഒഴിവാക്കണമെന്നും ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സച്ചിദാനന്ദസ്വാമി പറഞ്ഞതിനെ സുകുമാരൻ നായർ അധിക്ഷേപിച്ചതിനെതിരെയാണ് പ്രതിഷേധം. സച്ചിദാനന്ദ സ്വാമിക്കെതിരായ സുകുമാരൻ നായരുടെ പ്രസ്താവന കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും, സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങൾ കേരളത്തിൻ്റെ മണ്ണിൽ വെറുതെ ഒഴുകി പോയതല്ലെന്നും, ഗുരുവും ശിഷ്യന്മാരടക്കമുള്ള മഹാരഥൻമാരുടെ പോരാട്ടങ്ങളുടെ ഫലമാണെന്നും പ്രതിഷേധയോഗം ഓർമിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ മനോജ്‌ വി കൊടുങ്ങല്ലൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദർശന വേദി കൺവീനർ എൻ ബി അജിതൻ അദ്ധ്യക്ഷത വഹിച്ചു. സി വി മോഹൻ കുമാർ, പ്രശാന്ത് ഈഴവൻ, വി ഐ ശിവരാമാൻ, വി എം ഗഫൂർ, ദിനേശ് ലാൽ, എം ആർ വിപിൻദാസ്. സുനിൽ ബാബു, അജയൻ എന്നിവർ സംസാരിച്ചു. പ്രദിപ് കളത്തേരി, വയലാർ വിജയകുമാർ, സജീവൻ ഈശ്വരമംഗലത്ത്, ശ്രീനി പുല്ലൂറ്റ്, രവി പെട്ടിക്കാട്ടിൽ, ബാബു കളത്തേരി, കെ പി മനോജ്, വി കെ അജയൻ, ഉണ്ണികൃഷ്ണൻ, എം യു പ്രജീഷ് എന്നിവർ കോലം കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.


Related Tags :
Similar Posts