< Back
Kerala
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിങ് നടത്തണമെന്ന് സുപ്രിംകോടതി
Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിങ് നടത്തണമെന്ന് സുപ്രിംകോടതി

Web Desk
|
22 Sept 2021 12:22 PM IST

പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിങ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവ്. പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. മൂന്ന് മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാന്‍ കോടതി നിർദേശം നൽകി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടത്. എന്നാല്‍ ക്ഷേത്രം ട്രസ്റ്റിനെ കൂടി ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടുത്താന്‍ ഉപദേശക സമിതിയും ഭരണ സമിതിയും തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായി ഓഡിറ്റിനായി സ്വകാര്യ കമ്പനിയെ ക്ഷേത്രം ഭരണ സമിതി ചുമതലപ്പെടുത്തുകയും ചെയ്തു. ഓഡിറ്റ് നടത്താനുള്ള തീരുമാനത്തില്‍ ഇളവ് തേടിയാണ് ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടാത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ട്രസ്റ്റ് ഹരജിയിലൂടെ ആവശ്യപ്പെട്ടു.

ഇങ്ങനെ ഓഡിറ്റിങ് നടത്താൻ ഭരണ സമിതിക്കും ഉപദേശക സമിതിക്കും അധികാരമില്ലെന്നും ട്രസ്റ്റ് വാദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുതെന്ന ഭരണസമിതി നിലപാടിന് കോടതി അംഗീകാരം നല്‍കി. ഓഡിറ്റ് ക്ഷേത്രത്തിൽ മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തിനകം ഓഡിറ്റിങ് പൂർത്തിയാക്കാനും നിർദേശം നല്‍കി.

Similar Posts