< Back
Kerala
സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ
Kerala

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

Web Desk
|
5 March 2026 6:42 AM IST

13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തുക. മലയാളം തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാം ഭാഷകളിൽ ആണ് ഇന്ന് 9 30ന് പരീക്ഷ ആരംഭിക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് വിഷയത്തിലാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്.

26,000 ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിർണയം, ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫല പ്രഖ്യാപനം. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തേതിന് സമാനമായി സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 4,37,854 വിദ്യാർഥികളാണ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയാണ് തുടങ്ങുക.

4,79,263 വിദ്യാർഥികളാണ് രണ്ടാംവർഷ പരീക്ഷ അഭിമുഖീകരിക്കുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇൻവിജിലേറ്റർമാരായി ഇരുപത്തിയൊമ്പതിനായിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട് . 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് 22ന് ഫലപ്രഖ്യാപനം നടത്തും. അതേസമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നടക്കാനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Similar Posts