< Back
Kerala
SSLC,exam,plus two exam,kerala
Kerala

ഇനി പരീക്ഷാച്ചൂടിലേക്ക്; എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതല്‍

Web Desk
|
3 March 2025 6:56 AM IST

2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. കേരളത്തിനകത്തും പുറത്തുമായി 2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. മാർച്ച് 26 വരെയാണ് പരീക്ഷകൾ.

രാവിലെ ഒമ്പതരയ്ക്ക് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. ആദ്യദിനം ഒന്നാം ഭാഷയാണ് വിഷയം. കേരളത്തിൽ 2964 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിൽ ഒമ്പതും ഗൾഫിൽ ഏഴും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതും.

28358 കുട്ടികൾ പരീക്ഷ എഴുതുന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് എണ്ണത്തിൽ മുന്നിൽ. 444693 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് . ഇതിൽ 217220 ആൺകുട്ടികളും 227573 പെൺകുട്ടികളും ഉൾപ്പെടുന്നു. ഉച്ചയ്ക്കുശേഷം പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നു. ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക. 2000 കേന്ദ്രങ്ങൾ ആണ് ഹയർസെക്കൻഡറി പരീക്ഷകൾക്കായി നിശ്ചയിച്ചിട്ടുള്ളത്. 72 ക്യാമ്പുകളിലായി എസ്എസ്എൽസി ഉത്തരക്കടലാസുകളും 89 ക്യാമ്പുകളിൽ ഹയർസെക്കൻഡറി പരീക്ഷാ പേപ്പറുകളും മൂല്യനിർണയം നടത്തും. ഏപ്രിൽ 3 മുതൽ 21 വരെയാണ് മൂല്യനിർണയ ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.


Similar Posts