< Back
Kerala
ജോജുവിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു; കേസെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്‍റ്
Kerala

ജോജുവിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു; കേസെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്‍റ്

Web Desk
|
5 Nov 2021 10:24 PM IST

താൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു ജോജു പറഞ്ഞത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളൂ-എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്

നടൻ ജോജു ജോർജിനെതിരെയുള്ള പരാതിയിൽ ഉറച്ചുനിൽക്കുന്നതായി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകളോട് അസഭ്യം പറഞ്ഞു എന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നു. വിവാദത്തിൽ ജോജു പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവുമാണ്. ഒരു ആംബുലൻസിൽ കാൻസർ രോഗിയായ കുട്ടി ഇരിക്കുന്നുണ്ട്. അവർക്ക് ചൂട് കൊള്ളാൻ സാധിക്കില്ല, അവർ വിയർക്കുകയാണ്, ഓട്ടോ റിക്ഷയിൽ എസി ഇടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെങ്കിലും അത്തരത്തിൽ ഒരു ആംബുലൻസോ രോഗിയെയോ കണ്ടിട്ടുണ്ടോ?- ഷിയാസ് ചോദിച്ചു.

താൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങൾ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ? അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കുമെന്നാണ്. എന്നാൽ അത് ശരിയല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു.

Similar Posts