< Back
Kerala
സിനിമയിലുള്ള ആളാണ്, മഞ്ഞുമ്മൽ ബോയ്‌സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്; എക്‌സൈസെത്തിയത് സംവിധായകരാണെന്നറിയാതെ
Kerala

'സിനിമയിലുള്ള ആളാണ്, മഞ്ഞുമ്മൽ ബോയ്‌സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്'; എക്‌സൈസെത്തിയത് സംവിധായകരാണെന്നറിയാതെ

Web Desk
|
27 April 2025 8:46 AM IST

എക്സൈസ് ഫ്ളാറ്റില്‍ പരിശോധനക്കെത്തിയത് പ്രവാസി മലയാളിയായ ഷാലിഫ് മുഹമ്മദിനെ തേടിയായിരുന്നു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത് ഫ്‌ളാറ്റിലുള്ളത് സംവിധായകരാണെന്ന് അറിയാതെ. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ എക്സൈസ് പരിശോധനക്കെത്തിയത് പ്രവാസി മലയാളിയായ ഷാലിഫ് മുഹമ്മദിനെ തേടിയായിരുന്നു. ഇയാള്‍ ആസ്‌ത്രേലിയൻ മലയാളിയാണ്.ഒരുമാസം മുമ്പാണ് ഇയാൾ അവധിക്കായി കേരളത്തിലെത്തിയത്.

മറൈൻ ഡ്രൈവിൽ ജഡ്ജിമാരടക്കം താമസിക്കുന്ന ഫ്‌ളാറ്റിലാണ് എക്സൈസ് എത്തിയത്. .എന്നാൽ കൂടെയുണ്ടായിരുന്ന അഷ്‌റഫ് ഹംസയെയും ഖാലിദ് റഹ്മാനെയും എക്‌സൈസിന് തിരിച്ചറിയാൻ സാധിച്ചില്ല. എന്തു ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ സിനിമയിലാണെന്നും 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഖാലിദ് റഹ്മാൻ മറുപടി നൽകിയത്.

പിന്നീട് ഗൂഗ്‌ളിലടക്കം പരിശോധിച്ചതിന് ശേഷമാണ് ഇദ്ദേഹം പ്രമുഖ സംവിധായകരാണെന്ന് എക്‌സൈസ് തിരിച്ചറിഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ ഇടക്കിടക്ക് വരാറുണ്ടെന്നും ഖാലിദും അഷ്‌റഫ് ഹംസയും മൊഴി നൽകിയിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്ന സിനിമയിലെ നടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഛായാഗ്രഹരുടെയും മറ്റ് ടെക്‌നീഷ്യൻമാരുടെയും പേരുകൾ കൂടി ഇവർ എക്‌സൈസിന് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. മൂവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

'ആലപ്പുഴ ജിംഖാന'യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. 'ഉണ്ട', 'തല്ലുമാല', 'അനുരാഗ കരിക്കിൻ വെള്ളം', തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.

'തമാശ','ഭീമന്റെ വഴി' തുടങ്ങിയ സംവിധായകനാണ് അഷ്‌റഫ് ഹംസ.തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.



Similar Posts