
സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ല; പടിയിറക്കം പൂർണ സംതൃപ്തിയോടെയെന്ന് ശാരദാ മുരളീധരൻ
|'നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ ചിന്തയുടെ പ്രതിഫലനം'
തിരുവനന്തപുരം: സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. പൂർണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കം. ചീഫ് സെക്രട്ടറി എന്ന നിലയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണ്. 32 വർഷത്തെ സർവീസ് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
ഐഎഎസ് തലപ്പത്തെ പോരിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി നിറത്തിന്റെ പേരിൽ താൻ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും മീഡിയവണിനോട് സംസാരിച്ചു. "നിറത്തിന്റെ പേരിൽ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫണത്തെയാണ് ഞാൻ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികൾ പല സമയത്ത് പറഞ്ഞതിന്റെ ഓർമ്മയാണത്. അതിനാൽ തന്നെ ആൾ ആരെന്നത് പ്രസക്തമല്ല," ശാരദാ മുരളീധരൻ വ്യക്തമാക്കി.