
കൊല്ലത്ത് പൊലീസ് പെട്രോളിംഗിനിടെ കല്ലേറ്; രണ്ടു പേര്‍ അറസ്റ്റില്‍
|നിലമേൽ കൈതോട് സ്വദേശി സുനിൽരാജ്, പറയരുകോണത്ത് സ്വദേശി സിനു എന്ന കിരൺ എന്നിവരാണ് അറസ്റ്റിലായത്
കൊല്ലം നിലമേലിൽ രാത്രി പരിശോധനക്കിടെ പൊലീസ് വാഹനത്തിനും ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിഞ്ഞ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ കൈതോട് സ്വദേശി സുനിൽരാജ്, പറയരുകോണത്ത് സ്വദേശി സിനു എന്ന കിരൺ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്ത് ഒന്നാം തിയതി രാത്രി 11 മണിയോടെയാണ് പെട്രോളിംഗ് നടത്തുകയായിരുന്ന ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പെട്രോളിങ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. നിലമേൽ പഞ്ചായത്ത് ഓഫീസിന് സമീപത്തു കൂട്ടം കൂടിയിരുന്ന് മദ്യപിക്കുമായിരുന്ന സംഘം പൊലീസ് ജീപ്പ് എത്തിയപ്പോൾ കല്ലെറിയുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു. പൊലീസ് വാഹനത്തിലെ ക്യാമറകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സംഭവത്തിലെ പ്രതികളായ സുനിൽരാജ്, സിനു എന്നിവരെ നിലമേലിലെ ഒരു കോളനിയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികൾ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.