< Back
Kerala
വീണ്ടും തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു
Kerala

വീണ്ടും തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

Web Desk
|
7 Sept 2022 5:31 PM IST

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികളില്ലാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയിലാണ് നായയുടെ ആക്രമണം ഉണ്ടായത്. മൂന്ന് പേർക്കാണ് കടിയേറ്റത്. ഇവരിൽ രണ്ട് പേർ കുട്ടികളാണ്.

ആമച്ചൽ, പല്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ പൂവച്ചലിൽ രണ്ട് പേരെ തെരുവുനായ കടിച്ചിരുന്നു.

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികളില്ലാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞദിവസം പാലക്കാട് ഒറ്റപ്പാലം വരോട് അത്താണി പ്രദേശത്ത് മദ്രസയിൽ നിന്നും വരികയായിരുന്ന വിദ്യാർഥിയെ തെരുവ് നായ കടിച്ചിരുന്നു. 12കാരനായ മെഹ്നാസിന് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13കാരി കഴിഞ്ഞദിവസം മരിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.

കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.

Similar Posts