< Back
Kerala
stray dogs, kerala stray dog attack
Kerala

നായശല്യത്തിൽ പൊറുതിമുട്ടി പത്തനംതിട്ട പെരുന്നാട് ഗ്രാമം; ആക്രമണത്തിനിരയായത് നിരവധിപേർ

Web Desk
|
13 Jun 2023 6:44 AM IST

ഹോട്ടൽ മാലിന്യം അടക്കമുള്ളവ കുമിഞ്ഞു കൂടുന്നതാണ് നായകൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം

പത്തനംതിട്ട: തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടുകയാണ് പത്തനംതിട്ട പെരുന്നാട് ഗ്രാമം. 9 മാസം മുമ്പ് പേ വിഷബാധയേറ്റു മരിച്ച അഭിരാമിയുടെ വീടിന് സമീപം നിരവധി പേർക്കാണ്‌ നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പേപ്പട്ടിയുടെ ക്രൂരമായ ആക്രമണത്തിൽ, ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയാണ് അഭിരാമി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്.

അഭിരാമിയുടെ വീടിന്റെ ഒരു വിളിപ്പാടകലെയാണ് ഈ മുത്തശ്ശിയുംകൊച്ചു മകളും തെരുവുനായയുടെ അക്രമണത്തിനിരയായത്. വീടിനുള്ളിൽ കടന്നാണു നായ കുഞ്ഞമ്മയെ കടിച്ചത്. പുറത്തേക്കിറങ്ങി പട്ടിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു കൊച്ചുമകൾ ലിജിക്ക് കടിയേറ്റത്. ഇവരുടെ വളർത്തു നായക്കും കടിയേറ്റു. ടാപ്പിങ് തൊഴിലാളികളും അതിഥിത്തൊഴിലാളിയും നായയുടെ ആക്രമണത്തിന് ഇരയായി.

മാംസാവശിഷ്ടമുൾപ്പെടെയുള്ള മാലിന്യം പ്രദേശത്ത് വ്യാപകമായി ഉപേക്ഷിക്കുന്നത് നായകൾ പെരുകാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ ശല്യംരൂക്ഷമായതോടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. തെരുവുനായകളുടെ വന്ധ്യംകരണം അടക്കമുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ലെന്നും നാട്ടുകാർ പറയുന്നു.

അതേസമയം തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജി സുപ്രിംകോടതിയിൽ ഇന്ന് വീണ്ടും പരാമർശിക്കും. കണ്ണൂരിൽ ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദിനെ നായ്ക്കൾ കടിച്ചു കൊന്ന പശ്ചാത്തലത്തിലാണ് ഇന്നലെ അവധിക്കാല ബെഞ്ചിൽ പരാമർശിച്ചത്. സുപ്രിംകോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടണമെന്ന് ഹരജിക്കാർ ആവശ്യപ്പെടും. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അനുമതി തേടിയെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. പ്രായോഗിക സമീപനമാണ് കോടതിയിൽ നിന്നും ഹരജിക്കാർ ആവശ്യപ്പെടുന്നത്.

Related Tags :
Similar Posts