
പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും പച്ചക്കൊടി കാട്ടി; ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തം
|ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍
കൊച്ചി: കോടതി കുറ്റവിമുക്തമാക്കിയതിന് പിന്നാലെ ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തം.
പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും ദിലീപിന് പച്ചക്കൊടി കാട്ടി. അമ്മയിൽ നിന്നും ദിലീപിന് അനുകൂല പ്രതികരണം ഉണ്ടായി. വിധിയിൽ നിരാശ പ്രകടിപ്പിച്ച് അതിജീവിതയെ പിന്തുണച്ച നടിമാർ രംഗത്തുവന്നു. പ്രബലർക്കെതിരായ കേസിൽ ഇത്തരം വിധികൾ ആവർത്തിക്കുന്നെന്ന് ദീദി ദാമോദരൻ മീഡിയവണിനോട് പറഞ്ഞു.
അതിജീവിതയെ പിന്തുണച്ച് രംഗത്തുവന്ന നടിമാർക്കും സഹപ്രവർത്തകർക്കും ഏറെ നിരാശ നൽകുന്നതായിരുന്നു ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി. മുൻപത്തേക്കാൾ ശക്തമായി അതിജീവിതയ്ക്കൊപ്പം നിലനിൽക്കുമെന്ന് നടി റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ കുറിച്ചു. അവൾക്കൊപ്പം എന്നായിരുന്നു രമ്യ നമ്പീശന്റെ പോസ്റ്റ്.
ക്രൂരമായ തിരക്കഥയാണ് ഇപ്പോൾ കാണുന്നതെന്ന് പാർവതി തെരുവോത്ത് പ്രതികരിച്ചു. നിയമം നീതിയുടെ വഴിക്ക് പോകട്ടെ എന്നായിരുന്നു താരസംഘടന അമ്മ പ്രതികരണം. കൊച്ചിയിലെ 'അമ്മ' ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലും വിധി ചർച്ചയായി.
പരസ്യപ്രതികരണത്തിന് അമ്മ ഭാരവാഹികള് തയ്യാറായില്ല. സമ്മർദ്ധത്തെ തുടർന്ന് അമ്മയില്‍ നിന്ന് രാജിവെച്ച ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ദിലീപിനെ പിന്തുണച്ച് അമ്മ വൈസ് പ്രസിഡൻറ് ലക്ഷ്മി പ്രിയയും സംവിധായകൻ നാദിർഷയും രംഗത്തെത്തി. ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രസിഡൻറ് ബി രാകേഷും പ്രതികരിച്ചു. ദിലീപ് കത്ത് നൽകിയാൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതികരണം.
ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കി.